|
ഇടവഴിയിൽ നിന്ന് രണ്ടുപെൺകുട്ടികളുമായി ഒരേസമയം പ്രണയലീലയിലേർപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹിന്ദു പെൺകുട്ടികളുമായി മുസ് ലിം യുവാവ് നടത്തുന്ന ലൗ ജിഹാദാണെന്നാരോപിച്ചാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് വീഡിയോ നിരവധി പേർ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ലൗ ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെ വീഡിയോ മുൻകൂട്ടി തയ്യാറാക്കിയതാണെന്നും വ്യാജ അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുകയാണെന്നും വ്യക്തമായി.
അങ്കിത് ജാതുസ്ക്രാൻ എന്ന പേജിൽ ആദ്യം ഫേസ് ബുക്ക് പോജിൽ അപ് ലോഡ് ചെയ്ത 5 മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് മുറിച്ചുമാറ്റി വ്യാജ അടിക്കുറിപ്പുകളോടെ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. വീഡിയോ വൈറലായതോടെ അങ്കിത് ജാസ്ക്രാൻ പേജിൽ നിന്ന് വീഡിയോ പിൻവലിച്ചു. ലൗ ജിഹാദ് അടിക്കുറിപ്പുകളോടെ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നയാൾ പേജിൽ അപ് ലോഡ് ചെയ്തിരിക്കുന്ന മറ്റ് പ്രാങ്ക് വീഡിയോകളിലെ സ്ഥിരംമുഖമാണ്. തന്റെ യുട്യൂബ് ചാനലിലെ പ്രാങ്ക് വീഡിയോകൾക്ക് വേണ്ടിയുള്ളതാണ് ഈ പേജെന്ന് ഫേസ് ബുക്ക് പേജിന്റെ വിവരണത്തിൽ പറയുന്നു.
ഇടവഴിയിൽ നിർത്തിയിട്ട സ്കൂട്ടറിനു സമീപം യുവാവും രണ്ടു പെൺകുട്ടികളും ആലിംഗനം ചെയ്യുകയും ചുംബിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് രഹസ്യമായി ചിത്രീകരിക്കുന്ന വിധമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഡൽഹിയിൽ ഇത് സ്ഥിരം കാഴ്ചയാണെന്ന കമന്റും വീഡിയോയിൽ കേൾക്കാം. ഇതിനിടെ മുകൾ നിലയിൽ നിന്നും ബക്കറ്റിൽ വെള്ളമെടുത്ത താഴെ നിൽക്കുന്ന യുവാവിന്റെയും പെൺകുട്ടികളുടെയും ശരീരത്തിൽ ഒഴിക്കുകയും ഇവരെ ചോദ്യം ചെയ്യുകയുമാണ്. ഈ സമയം പെൺകുട്ടികൾ ഓടിപ്പോവുകയും യുവാവ് പിന്നാലെ സ്കൂട്ടർ ഉന്തിനീങ്ങുന്നതുമാണ് വിവാദ വീഡിയോ.
യുട്യൂബിൽ കാഴ്ചക്കാരെ കിട്ടുന്നതിനായി ചിത്രീകരിച്ച വീഡിയോ പക്ഷേ ഇല്ലാത്ത ലൗ ജിഹാദ് ആരോപണങ്ങളോടെ സാമൂഹികമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയായിരുന്നു.



