മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ എന്‍ഐഎ അര്‍ധരാത്രിയില്‍ വീട്ടില്‍ കയറി കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ വിട്ടയച്ചു. (SDPI activists taken into custody by NIA released) ഇര്‍ഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശേരി, ഷിഹാബുദീന്‍ ചെങ്ങര എന്നിവരെയാണ് വിട്ടയച്ചത്.
|
പാലക്കാട് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകള്‍ നടന്നെന്ന സംശയത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍, ഇവര്‍ക്ക് അതുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് എന്‍ഐഎ സംഘം വീടുകളില്‍ എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
അഞ്ചുസംഘങ്ങളായാണ് ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്. മഞ്ചേരി പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
ഒരുകേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നു എന്നുമാത്രമാണ് വീട്ടുകാരോട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
മകന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ചിലവിവരങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നുപറഞ്ഞാണ് കൊണ്ടുപോയതെന്ന് ആനക്കോട്ടുപുറം ഇര്‍ഷാദിന്റെ മാതാവ് ആമിന പറഞ്ഞു. വയറിങ് ജോലിക്കാരനാണ് മകനെന്നും അവര്‍ പറഞ്ഞു.
വാറണ്ടില്ലാതെ രാത്രി വീടുകളിലെത്തി കസ്റ്റഡിയിലെടുത്ത എന്‍ഐഎ നടപടി നിയമവിരുദ്ധമാണെന്ന് എസ്ഡിപിഐ. മണ്ഡലംകമ്മിറ്റി ആരോപിച്ചു. എന്തുകേസിന്റെ ആവശ്യത്തിനാണ് പ്രവര്‍ത്തകരെ കൊണ്ടുപോയതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാതെ പ്രതികരിക്കാനാവില്ലല്ലോ എന്നും ജില്ലാനേതൃത്വം അറിയിച്ചു.
അതേസമയം, നേരത്തെ കസ്റ്റഡിയിലെടുത്ത ഷംനാദ് എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തെന്നാണ് വിവരം. ഷംനാദിന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു.


