മംഗളൂരു: സംഘപരിവാര ശക്തി കേന്ദ്രമായ ദക്ഷിണ കന്നഡയില്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള കരുനീക്കങ്ങളുമായി എസ്ഡിപിഐ. ബിജെപിക്ക് പരമാവധി സീറ്റുകള്‍ കുറക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എസ്ഡിപിഐക്ക് ശക്തമായ വേരുകളുള്ള ദക്ഷിണ കന്നഡയില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ( sdpi-aims-for-bjps-defeat-in-dk-segment )
|
2019ല്‍ ദക്ഷിണ കന്നഡയില്‍ നിന്ന് മല്‍സരിച്ച എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുംബെ 46,839 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ബിജെപി എംപി നളിന്‍ കുമാര്‍ കാട്ടീലിനെതിരേ ആയിരുന്നു മല്‍സരം.
കര്‍ണാടകയോട് ചെയ്ത അനീതി ചൂണ്ടിക്കാട്ടി എസ്ഡിപിഐ സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദത്ത് ബജത്തൂര്‍ പറഞ്ഞു. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആയാല്‍ ഇന്ത്യയില്‍ ജനാധിപത്യം അവസാനിക്കും. ഈ സാഹചര്യത്തിലാണ് ബിജെപിയെ തോല്‍പ്പിക്കാനുതകുന്ന രീതിയില്‍ വോട്ടുകള്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചത്. കാവേരി പ്രശ്‌നം, നികുതി വിതരണം തുടങ്ങി നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയെ വഞ്ചിച്ചതായും അന്‍വര്‍ സാദത്ത് ബജത്തൂര്‍ പറഞ്ഞു.





