കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കെതിരേ വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ എസ്ഡിപിഐ സംസ്ഥാനത്തെ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി. ലോക് സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുമായി ഉണ്ടാക്കിയ സഖ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്ററുകള്‍ക്കെതിരേയാണ് നടപടി. (sdpi-complaints-against-fake-poster )
|
തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി നെല്ലൈ മുബാറകിന്റെ പ്രചാരണ പോസ്റ്ററുകളില്‍ നരേന്ദ്ര മോദിയുടെ ചിത്രം വ്യാജമായി ചേര്‍ത്താണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. തമിഴ്‌നാട്ടില്‍ ജയലളിതയുടെ പാര്‍ട്ടിയുമായി എസ്.ഡി.പി ഐ സഖ്യം പ്രഖ്യാിച്ചിരുന്നു. അണ്ണാ ഡിഎംകെയുമായുള്ള ധാരണ പ്രകാരം ദണ്ഡിഗല്‍ ലോകസഭ മണ്ഡലത്തിലാണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. സിപിഎം ആണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി.
സഖ്യം പ്രഖ്യാപിച്ചതു മുതല്‍ തന്നെ അണ്ണാ ഡിഎംകെയുടെ പഴയ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി എതിരാളികള്‍ പ്രചാരണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് മുബാറക്കിന്റെയും അണ്ണാ ഡിഎംകെയുടെ നേതാക്കളോടുമൊപ്പം നരേന്ദ്ര മോദിയുടെ ഫോട്ടോയും ചേര്‍ത്ത് പോസ്റ്ററുകള്‍ ഇറക്കിയത്.
പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിച്ച പോസ്റ്ററിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി. സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രചാരണത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. തിരൂരിലെ പ്രാദേശിക ഗ്രൂപ്പില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ച വ്യക്തിക്കെതിരേ തിരൂര്‍ പോലിസില്‍ പരാതി നല്‍കി. മറ്റ് ചില സ്റ്റേഷനുകളിലും സമാനമായ പരാതികള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കെതിരേ വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.





