തിരുവനന്തപുരം: ഇന്ധന സർചാർജ് ഈടാക്കാനെന്ന പേരിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള ഇടതു സർക്കാർ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ഓരോ യൂനിറ്റിനും ഒൻപതു പൈസ വീതം വർധിപ്പിക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. 2022 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ തുകയായ 87.07 കോടി രൂപ ഈടാക്കാനാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം.
|
പ്രളയത്തിന്റെ പേരിൽ നിത്യോപയോഗ സാധനങ്ങളുടെ മേൽ സെസ് ഈടാക്കി ജനജീവിതം ദുസ്സഹമാക്കിയ സർക്കാരിന്റെ മറ്റൊരു ജനദ്രോഹ നടപടിയായേ ഇതിനേ കാണാനാകൂ. ജനങ്ങൾക്ക് സേവനം ചെയ്യൽ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന പ്രാഥമിക തത്വം പോലും സർക്കാർ വിസ്മരിച്ചിരിക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പോലും പരിഗണിക്കാതെ അന്യായമായി ധൂർത്തടിക്കുന്ന സർക്കാരാണ് സേവനത്തിന്റെ പേരിൽ ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നത്. മറ്റു പാർട്ടികളിൽ നിന്ന് മറുകണ്ടം ചാടി സിപിഎമ്മിൽ എത്തുന്നവരെ കുടിയിരുത്താൻ പ്രതിമാസം ലക്ഷങ്ങൾ ചെലവഴിച്ച് ഇരിപ്പിടമൊരുക്കുന്ന സർക്കാരിന്റെ സാധാരണക്കാരോടുള്ള മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കെ വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ അയച്ചതും ചിന്താ ജെറോമിന്റെ ശമ്പളം മുൻകാല പ്രാബല്യത്തോടെ പ്രതിമാസം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചതും ധൂർത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. മുഖ്യമന്ത്രിക്ക് ശുദ്ധമായ പാൽ കുടിക്കാൻ കാലിത്തൊഴുത്തിന് 42 ലക്ഷവും നീന്തൽ കുളവും ലിഫ്റ്റും നിർമിക്കാൻ ലക്ഷങ്ങളും ധൂർത്തടിക്കുമ്പോഴാണ് പൊതുജനത്തെ വൈദ്യുതി നിരക്കും വെള്ളക്കരവും വർധിപ്പിച്ച് കൊള്ളയടിക്കുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിന്തിരിയണമെന്നും കെ കെ അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.



