27
Apr 2025
Sat
27 Apr 2025 Sat
sdpi aiadmk

ചെന്നൈ: അണ്ണാ ഡിഎംകെയുമായി തിരഞ്ഞെടുപ്പ് സഖ്യമുള്‍പ്പെടെ എല്ലാ ബന്ധങ്ങളും വിഛേദിച്ചതായി എസ്ഡിപിഐ. (SDPI cuts ties with AIADMK) ബിജെപിയുമായി സഖ്യം ചേരുന്ന ഒരു പാര്‍ട്ടിയോടും എസ്ഡിപിഐ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന് എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി കെ പളനി സ്വാമി നേതൃത്വം നല്‍കുന്ന അണ്ണാ ഡിഎംകെയും എസ്ഡിപിഐയും സഖ്യം ചേര്‍ന്ന് മല്‍സരിച്ചിരുന്നു. ദിണ്ഡിഗലില്‍ സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറ്ക്ക് ആണ് മല്‍സരിച്ചത്.

തമിഴ്നാട്ടില്‍ വീണ്ടും ബിജെപി- അണ്ണാ ഡിഎംകെ സഖ്യം യാഥാര്‍ഥ്യമായതോടെയാണ് എസ്ഡിപിഐ പിന്തുണ പിന്‍വലിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ALSO READ: ബിജെപി-അണ്ണാ ഡിഎംകെ സഖ്യം വീണ്ടും; ഡിഎംകെ ആസ്ഥാനത്തെത്തി സ്റ്റാലിനെ കണ്ട് എസ്ഡിപിഐ നേതാക്കള്‍

അതിനിടെ, എസ്ഡിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭരണകക്ഷിയായ ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തയായി. എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്കും സംഘവുമാണ് സ്റ്റാലിനെ സന്ദര്‍ശിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിവാദ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നതിനാണ് തങ്ങള്‍ ഡിഎംകെ ആസ്ഥാനത്തെത്തിയതെന്ന് നെല്ലൈ മുബാറക്ക് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു.

അണ്ണാ ഡിഎംകെ സഖ്യം അവസാനിപ്പിച്ച സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എന്ത് നിലപാടെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് തമിഴക രാഷ്ട്രീയം.