തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി- അണ്ണാ ഡിഎംകെ സഖ്യം യാഥാര്‍ഥ്യമായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചു മല്‍സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
അതേസമയം അണ്ണാ ഡിഎംകെ സഖ്യകക്ഷിയായ എസ്ഡിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭരണകക്ഷിയായ ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
|
അണ്ണാ ഡിഎംകെയും ബിജെപിയും വീണ്ടും അടുക്കുന്നുവെന്ന സൂചന ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്കും സംഘവും സ്റ്റാലിനെ സന്ദര്‍ശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിവാദ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നതിനാണ് തങ്ങള്‍ ഡിഎംകെ ആസ്ഥാനത്തെത്തിയതെന്ന് നെല്ലൈ മുബാറക്ക് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു.
അണ്ണാ ഡിഎംകെ ബിജെപിയുമായി സഖ്യം പുനസ്ഥാപിച്ചാല്‍ സഖ്യം തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്റ്റാലിന് നന്ദി അറിയിക്കാനാണ് തങ്ങള്‍ ഇപ്പോള്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് പകരം പുതിയ അധ്യക്ഷനായ നിലവിലെ നിയമസഭാ കക്ഷി നേതാവായ നൈനാര്‍ നാഗേന്ദ്രനെ നിയമിച്ചതാണ് അണ്ണാ ഡിഎംകെയെ ബിജെപിയുമായി സഖ്യം പുനസ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. അണ്ണാമലൈയുമായുള്ള ഭിന്നതയായിരുന്നു നേരത്തേ സഖ്യം ഉപേക്ഷിക്കാന്‍ അണ്ണാ ഡിഎംകെയെ പ്രേരിപ്പിച്ചത്.
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി ഈ മാസമാദ്യം ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടിരുന്നു. ഇതിനു ശേഷമാണ് അണ്ണാമലൈയെ ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി സഖ്യം പുനസ്ഥാപിച്ചത്.





