ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുള്ള എസ്ഡിപിഐ വനിതാ നേതാവ് ഹിന്ദുമതം സ്വീകരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത്. ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം ആണ് സത്യാവസ്ഥ കണ്ടെത്തിയത്.
പ്രചാരത്തിലുള്ള ചിത്രത്തില്‍ ക്ഷേത്രത്തിലെ പൂജാരിയില്‍ നിന്ന് തീര്‍ഥജലം സ്വീകരിക്കുന്ന പര്‍ദ്ദ ധാരിയായ യുവതിയെ കാണാനാകും. സമീപത്തായി മറ്റൊരു വനിതയും പര്‍ദ്ദ ധരിച്ച് നില്‍ക്കുന്നുണ്ട്. ഈ ചിത്രം തമിഴ്നാട്ടിലേതാണോ എന്നും എസ്ഡിപിഐ നേതാവാണോ ഈ സ്ത്രീയെന്നും അറിയുന്നതിന് ഞങ്ങള്‍ ചിത്രം റിവേഴ്സ് ഇമേജില്‍ തിരഞ്ഞു. ഇതില്‍ നിന്ന് പ്രചാരത്തിലുള്ള അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
|
2016ല്‍ വണ്‍ ഇന്ത്യ തെലുങ്കില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് ലഭ്യമായി. ഇതില്‍ പറയുന്നത് ഈ ചിത്രം ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ (ഇപ്പോഴത്തെ വൈഎസ്ആര്‍ ജില്ല) ശ്രീ ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തില്‍ നിന്നുള്ളതാണെന്ന വിവരമാണ്. മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കടപ്പ ക്ഷേത്രമെന്ന് വിവരിച്ചുകൊണ്ടാണ് വാര്‍ത്തയാരംഭിക്കുന്നത്. ആന്ധ്രയിലെ വാര്‍ഷാരംഭ ദിനത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൂജകള്‍ക്കായാണ് മുസ്ലീങ്ങളും എത്തുന്നത്. ക്ഷേത്രത്തിനു സമീപമായി ഒരു ദര്‍ഗയുമുണ്ട്. ബിബി നാചാരമ്മ എന്ന മുസ്ലീം വനിതയെയാണ് ശ്രീ വെങ്കിടേശ്വര സ്വാമി വിവാഹം ചെയ്തിരിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കാണ് മുസ്ലീങ്ങള്‍ എത്തുന്നത്.





