|
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. കാര്‍വാറില്‍ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. രാവിലെ 9 മണി മുതലാണ് തിരച്ചില്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സില്‍ താഴെ എത്തിയതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്.
ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും. നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന. ഇതിനായി കാര്‍വാറില്‍ നിന്നുള്ള നാവിക സേനാംഗങ്ങള്‍ ഷിരൂരില്‍ എത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
നേരത്തെ നാല് പോയിന്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സാധ്യത കണ്ടെത്തിയത്. എന്നാല്‍ പുഴയിലെ ശക്തമായ അടിയൊഴുക്കില്‍ ട്രക്കിന്റെ സ്ഥാനം മാറാന്‍ സാധ്യതയുണ്ട്. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്. നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോണാര്‍ പരിശോധന നടത്തുക.
തിരച്ചില്‍ അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.
തെരച്ചില്‍ ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന.
search for arjun will restart today


