|
പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ്. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചതായും പാലക്കാട് എഎസ്പി അശ്വതി ജിജി മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തി. കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടെന്നും മറ്റൊരു സ്ത്രീയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നതെന്നും പോലീസ് അറിയിച്ചു.
ഹോട്ടലിലെ 12 മുറികളാണ് പരിശോധിച്ചത്. ഇവയില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്ന കാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എഎസ്പി വ്യക്തമാക്കി. സെര്‍ച്ച് ലിസ്റ്റ് ഹാജരാക്കിയിട്ടുണ്ട്. ഇനി തുടര്‍നടപടിയില്ല. ഇവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ബാക്കി അപ്പോള്‍ നോക്കുമെന്നും എഎസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാത്രി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്നപരിശോധനയ്‌ക്കെതിരെ KPCC പ്രസിഡന്റ് കെ. സുധാകരന്‍ ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് സുധാകരന്‍ പരിഹസിച്ചു. പരിശോധന നടത്തിയിട്ട് പൊലീസ് രണ്ടു ചാക്ക് കള്ളപ്പണം കൊണ്ടുപോയോ?. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥന്മാര്‍ കോണ്‍ഗ്രസുകാരല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും പിണറായി വിജയനും പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണ്. പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
തോന്നിയ പോലെ ചെയ്യാന്‍ പൊലീസിനെ പിണറായി കയറൂരി വിട്ടിരിക്കുകയാണ്. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി കോടതിയെ സമീപിക്കും. പൊലീസുകാരെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിക്കാനെത്തിയ പൊലീസുകാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു വേണ്ടത്. അതിന് അവര്‍ക്ക് സാധിച്ചില്ല. ഏത്രയോ കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന രണ്ടു കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാ നേരത്ത് പരിശോധിക്കുന്നതില്‍ പൊലീസിന് എന്തു ന്യായീകരണമാണുള്ളതെന്ന് സുധാകരന്‍ ചോദിച്ചു.
പതിറ്റാണ്ടുകളായി സജീവരാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ നേതാക്കളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. പരാതി കിട്ടിയിട്ട് അന്വേഷിക്കാന്‍ വന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞു സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്. എന്നാല്‍ ഇതിന് ഒരു അര്‍ത്ഥവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Police searched 12 rooms but found nothing; K. will teach the policemen a lesson. Sudhakaran


