കാവേരി ജല തര്‍ക്കം: കര്‍ണാടകയില്‍ ഇന്ന് ബന്ദ്, ബംഗളൂരുവില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് അവധി
|
ബംഗളൂരു: കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദിനുള്ള ആഹ്വാനം. കാവേരി ജലം തമിഴ്‌നാടിന് കൈമാറാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക സംരക്ഷണ വേദികെ, കന്നഡ ചലാവലി (വാതല്‍ പക്ഷ), വിവിധ കര്‍ഷക സംഘടനകള്‍ എന്നിവയുള്‍പ്പെടെയുള്ള കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കുത’യാണ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ഷക സംഘടനകള്‍, കന്നഡ ഭാഷ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂലമാണ്.
അക്രമ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവില്‍ ഇന്നലെ അര്‍ധരാത്രി 12 മുതല്‍ ഇന്ന് രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈസൂരു, മാണ്ഡ്യ മേഖലകളില്‍ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്. രാവിലെ 11ന് സംസ്ഥാനത്തെ ദേശീയ പാതകളുള്‍പ്പെടെ പ്രധാനപാതകളില്‍ വാഹനങ്ങള്‍ തടയുമെന്ന് കര്‍ണാടക ജലസംരക്ഷണസമിതി അറിയിച്ചു. കേരളത്തില്‍ നിന്ന് മൈസൂരു വഴി വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും. ബന്ദ് മൂലം സംസ്ഥാനത്ത്, പ്രത്യേകിച്ച് തെക്കന്‍ മേഖലയില്‍ വാര്‍ത്താവിനിമയ സംവിധാനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ മാത്രമേ വരുന്ന യാത്രക്കാരെ കടത്തിവിടുകയുള്ളൂവെന്നും, കര്‍ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ മാത്രമായിരിക്കും ഇവയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബന്ദിന് മുന്നോടിയായി ബെംഗളൂരു ജില്ലാ ഭരണകൂടം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈന്‍ ഓട്ടോടാക്‌സികള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല. ബെംഗളൂരുവിലെ ഹോട്ടലുകള്‍ തുറക്കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചു.
അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് അറിയിച്ചിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





