26
Apr 2024
Mon
26 Apr 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ കാംപസിനുള്ളില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കാര്‍ഷിക സര്‍വകലാശാല ക്യാംപസിലെ വെള്ളാനിക്കര സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഉണ്ടായ ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു. ഒരാളുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സഹകരണ ബാങ്ക് സെക്രട്ടറി സ്മിത പ്രതികരിച്ചു. അരവിന്ദക്ഷന്‍ മൂന്ന് വര്‍ഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്. ബാങ്കിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികള്‍ പൂര്‍ത്തിയായതിനാല്‍ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം.