കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു. 95 വയസ്സായിരുന്നു. മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നതാണ് മുഴുവന്‍ പേര്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
|
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, CITU സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു.
എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം.
സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവര്‍ണപതാക പോക്കറ്റില്‍ കുത്തി സ്‌കൂളിലെത്തിയതിനാല്‍ ലോറന്‍സിനെ അദ്ദേഹം പഠിച്ച സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളില്‍ പഠനം തുടര്‍ന്നെങ്കിലും പത്താം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.
1946ല്‍ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരില്‍ ഒരാള്‍ ആയിരുന്നു. 1950ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലിസ് മര്‍ദ്ദനത്തിനിരയായി. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം അനുഭവിച്ചു. 1975ല്‍ അടിയന്തിരാവസ്ഥക്കാലത്തും വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്.
എറണാകുളത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു. ഭരണകൂടത്തിനെതിരെ സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്യൂണിസ്റ്റുകാര്‍ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ്.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഒരേയൊരു തവണയെ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. 1969ല്‍ പ്രഥമ കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ സ്ഥാനം നഷ്ടമായി. 1970ലും 2006ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എറണാകുളം മണ്ഡലത്തിലും 1977ല്‍ പള്ളുരുത്തിയിലും 1991ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ച്െങ്കിലും ജയിച്ചില്ല. 1980ല്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍നിന്നാണ് വിജയിച്ചത്. 1984ല്‍ മുകുന്ദപുരത്തും പരാജയപ്പെട്ടു.
1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് CPMല്‍ ചേര്‍ന്ന ലോറന്‍സ് 1964 മുതല്‍ 1998 വരെ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും 1967 മുതല്‍ 1978 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.
1998 മുതല്‍ 2013 വരെ സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു.
2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വച്ചാണ് പാര്‍ട്ടി സംസ്ഥാന സമിതി അംഗമായത്. 2015ലെ ആലപ്പുഴ സമ്മേളനം പ്രായാധിക്യത്തെ തുടര്‍ന്ന് ലോറന്‍സിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
ഓര്‍മ്മചെപ്പ് തുറക്കുമ്പോള്‍ എന്ന പേരില്‍ ആത്മകഥയെഴുതി.
ഭാര്യ: ബേബി ലോറന്‍സ്.
സജീവ്, സുജാത, അബി, ആശ എന്നിവരാണ് മക്കള്‍.
Senior CPM leader MM Lawrence dies


