22
May 2023
Thu
22 May 2023 Thu

മാഡ്രിഡ്: ബാഴ്‌സലോണയുടെ സൂപ്പർ താരവും നായകനുമായ സെർജിയോ ബുസ്‌ക്കറ്റ്‌സ് ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടും. നീണ്ട 18 വർഷത്തിന് ശേഷമാണ് താരം ബാഴ്‌സലോണ വിടുന്നത്. ഈ സീസൺ അവസാനത്തോടെ ബുസ്‌ക്കറ്റ്‌സ് ക്ലബ് വിടുമെന്ന വാർത്ത പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ആദ്യം പുറത്തുവിട്ടത്. തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ”ഈ സീസൺ ബാഴ്‌സലോണയിലെ എന്റെ അവസാനത്തേതാണെന്ന് പ്രഖ്യാപിക്കാൻ സമയമായിരിക്കുന്നു. ഇത് മറക്കാനാകാത്ത യാത്രയായിരുന്നു.”- ബാഴ്‌സയുടെ ഇതിഹാസ മിഡ്ഫീൽഡർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന സെർജിയോ ബുസ്‌ക്കറ്റ്‌സ് ഫ്രീ ഏജന്റ് ആയിട്ടായിരിക്കും ബാഴ്‌സ വിടുക. 34കാരനായ താരത്തിന് അമേരിക്കൻ ലീഗായ എംഎൽഎസിലെ ക്ലബ്ബുകളിൽ നിന്നും സൗദി ലീഗിലെ അൽ ഹിലാലിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാഴ്‌സലോണയ്ക്ക് വേണ്ടി 710 മത്സരങ്ങൾ കളിച്ച ഡിഫൻസീവ് മിഡ്ഫീൽഡറായ ബുസ്‌ക്കറ്റ്‌സ് 19 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്‌സലോണയ്ക്ക് വേണ്ടി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 8 ലാലിഗ കിരീടങ്ങളും സ്വന്തമാക്കി.

ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോളിലേക്ക് കാലെടുത്തു വെച്ച സെർജിയോ ബുസ്‌ക്കറ്റ്‌സ്, ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. സാവിക്കും ഇനിയസ്റ്റക്കും കൂടെ ബുസ്‌ക്കറ്റ്‌സ് കൂടി ഉൾപ്പെട്ട ബാഴ്‌സയുടെയും സ്‌പെയിനിന്റെയും മധ്യനിര ലോകോത്തരമാണ്. സ്‌പെയിനിനായി 143 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ബുസ്‌ക്കറ്റ്‌സ് ലോകകപ്പും യൂറോ കപ്പും ഉൾപ്പടെ നേടിയിട്ടുണ്ട്.