തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ നടിയുടെ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. (Sexual harassment allegation against Siddique is very serious) മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവതി അന്വേഷണ സംഘത്തിന് നല്‍കി. 2016 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് സംഭവം നടന്നത്. അന്നേ ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഹോട്ടലിന് നിര്‍ദ്ദേശം നല്‍കി.
|
മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. വനിതകള്‍ക്കായുള്ള തിരുവനന്തപുരത്തെ സഖി ഓഫീസ് ആസ്ഥാനത്ത് നടന്ന മൊഴിയെടുപ്പ് മൂന്ന് മണിക്കൂര്‍ നീണ്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ മൊഴിയെടുപ്പ് മൂന്ന് മണിവരെയാണ് നീണ്ടത്.
സിദ്ദിഖിനെതിരെ വിശദമായ പരാതിയും മൊഴിയും യുവനടി നല്‍കിയതോടെയാണ് ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യുമ്പോള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിദ്ദിഖിന് അറസ്റ്റ് നേരിടേണ്ടി വരും.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ എസ് ഐ ആശാ ചന്ദ്രനാണ് മൊഴി രേഖപ്പെടുത്തിയത്. മ്യൂസിയം സ്റ്റേഷനിലെ എസ്‌ഐ കൂടിയാണ്. ഏഴ് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 376, 506 വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
ALSO READ: ആക്രമണ ഭീഷണി: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; പ്രധാനമന്ത്രിക്ക് തുല്യം
2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ താന്‍ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തി. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്.
തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് ഹോട്ടലിലേക്കു വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ‘മോളേ’ എന്നു വിളിച്ചാണ് സിദ്ദിഖ് തന്നെ അഭിസംബോധന ചെയ്തത്. ഹോട്ടലിലെത്തിയ തന്നെ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു; ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടു. വിവരം പുറത്തറിയിച്ചാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടി.
കേസില്‍ അതിവേഗ അന്വേഷണത്തിനാണ് സാധ്യത. യുവനടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
8 വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുക ബുദ്ധിമുട്ടാണ്. പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പറഞ്ഞ ദിവസം സിദ്ദിഖ് മുറിയെടുത്തതിന്റെ തെളിവുകള്‍ ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചു സ്ഥിരീകരിക്കാനാണു ശ്രമം.
ഇതിനിടെ യുവനടിയുടെ രഹസ്യ മൊഴി ഇന്നു രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. കേസ് ഫയല്‍ മ്യൂസിയം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും.
കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരായ ആരോപണത്തില്‍ നടി പരാതി നല്‍കിയത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടന്‍ സിദ്ദിഖ്. ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. നടിയുടെ പരാതിയില്‍ ബലാത്സംഗകുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്.
ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു.


