28
Nov 2024
Mon
28 Nov 2024 Mon
shahi juma masjid survery firing

സംഭാല്‍: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ശാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. (Shahi Juma Masjid survey: Number of people killed in gunfight rises to four; strict control in the area) സര്‍വേയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ നടന്ന വെടിവയ്പ്പില്‍ നുഅ്മാന്‍, ബിലാല്‍, നയീം എന്നിവര്‍ക്കു പുറമെ മുഹമ്മദ് കൈഫ് എന്നയാളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവച്ചിട്ടില്ലെന്നാണ് പോലീസിന്റെ ്അവകാശവാദം. രണ്ടുപേര്‍ കൊല്ലപ്പെട്ടത് നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പോലീസ് യൂനിഫോമണിഞ്ഞ ചിലര്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വെടിവച്ചത് പോലീസ് തന്നെയാണോ അതോ പോലീസ് വേഷത്തിലെത്തിയ സംഘപരിവാര പ്രവര്‍ത്തകരാണോ എന്ന കാര്യം വ്യക്തമല്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടുകയും പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെക്കുകയും ചെയ്തിട്ടുണ്ട്.

Shahi Juma Masjid

മുഗളന്മാര്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്. സുപ്രിം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ ആണ് ഹരജി സമര്‍പ്പിച്ചത്. നേരത്തേയും നിരവധി മുസ്ലിം പള്ളികളുടെ മേല്‍ സമാനമായ അവകാശവാദമുന്നയിച്ച് ഹരജി സമര്‍പ്പിച്ചിട്ടുള്ളയാളാണ് ജെയിന്‍.

സംഭാലില്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചത്. 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവുകള്‍ നിലവിലുണ്ട്. കല്ലുകള്‍, സോഡ കുപ്പികള്‍, തീപിടിക്കുന്നതോ സ്ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

പുറത്തുനിന്നുള്ളവരോ സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ അനുമതിയില്ലാതെ പ്രദേശത്ത് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.

1526ല്‍ മുഗള്‍ ഭരണാധികാരികള്‍ ഹരിഹര്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണ് ശാഹി മസ്ജിദ് എന്നാണ് സംഘപരിവാരത്തിന്റെ വാദം. നവംബര്‍ 19ന് ഉച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധമായി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മണിക്കൂറുകള്‍ക്കകം മസ്ജിദില്‍ സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച്ച സര്‍വേ പൂര്‍ത്തിയാകാത്തതിനാലാണ് ഞായറാഴ്ച്ച് വീണ്ടുമെത്തിയത്. ഈ സമയത്ത് മുസ്ലിംകള്‍ പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു. ഇവര്‍ക്കു നേരെയാണ് പോലിസുകാര്‍ക്കിടയില്‍ നിന്ന് വെടിവയ്പ്പുണ്ടായത്.

സര്‍വേക്കെത്തിയവര്‍ ജയ്ശ്രീം വിളിച്ചു കൊണ്ട് പോലീസുകാരോടൊപ്പം പള്ളിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആര്‍.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബി.ജെ.പിയെ വിമര്‍ശിച്ചു. സര്‍വേയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയക്കെതിരേ സുപ്രിം കോടതി സ്വമേധയാ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.