21
Oct 2023
Sun
21 Oct 2023 Sun

ധർമശാല: ലോകകപ്പിൽ കഴിഞ്ഞ നാല് കളികളിലും തന്നെ പരി​ഗണിക്കാതിരുന്ന ടീം അധികൃതർക്കുള്ള മറുപടിയായി ഷമിയുടെ മാസ്മരിക പ്രകടനം. ഇന്ന് ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് പിഴുതാണ് ഷമി പുറത്തിരുത്തിയവർക്ക് മറുപടി നൽകിയത്.
ഷർദുൽ താക്കൂറിന് പകരം അഞ്ചാം മത്സരത്തിൽ ടീമിൽ ഇടം പിടി​ച്ച താരം ആദ്യ പന്തിൽ തന്നെ വിൽ യങ്ങിന്റെ കുറ്റി തെറിപ്പിച്ചാണ് തുടങ്ങിയത്. ശേഷം നാല് ന്യൂസിലാൻഡ് ബാറ്റർമാർ കൂടി ഷമിയുടെ പന്തിന് ഇരയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തോവറിൽ 54 റൺസ് വഴങ്ങി കൊയ്തത് അഞ്ച് വിക്കറ്റ്. ഇതോടെ വൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ന്യൂസിലാൻഡിനെ 273 റൺസിൽ തളയ്ക്കാൻ ഷമിക്കായി. അഞ്ച് വിക്കറ്റ് നേട്ടത്തോടെ അത്യപൂർവ റെക്കോഡും താരം സ്വന്തമാക്കി. രണ്ട് ലോകകപ്പുകളിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് ഷമി പോക്കറ്റിലാക്കിയത്. 2019ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം.

ലോകകപ്പിൽ ഏഴാം തവണയാണ് ഒരു ഇന്ത്യൻ ബൗളർ അഞ്ച് വിക്കറ്റ് നേടുന്നത്. 2019, 2023 ലോകകപ്പുകളിൽ ഷമി അഞ്ച് വിക്കറ്റ് കൊയ്തപ്പോൾ കപിൽ ദേവ് (1983), വെങ്കടേഷ് പ്രസാദ് (1999), റോബിൻ സിങ് (1999), ആശിഷ് നെഹ്റ (2003), യുവരാജ് സിങ് (2011) എന്നിവരായിരുന്നു മുൻഗാമികൾ. ലോകകപ്പിൽ അഞ്ചാം തവണയാണ് താരം നാല് വിക്കറ്റിൽ കൂടുതൽ വീഴ്ത്തുന്നത്. ആറ് തവണ ഈ നേട്ടം സ്വന്തമാക്കിയ ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക് മാത്രമാണ് ഷമിക്ക് മുന്നിലുള്ളത്.

ലോകകപ്പിൽ ഇന്ത്യക്കായി ഇതുവരെ 36 വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലെയെ മറികടന്ന് മൂന്നാമതെത്തുകയും ചെയ്തു. 31 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. 44 വിക്കറ്റുകള്‍ വീതം നേടിയ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ് ഇനി താരത്തിന് മുന്നിലുള്ളത്.