ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദികൾ തെരഞ്ഞെടുത്തതിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂർ. ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമായി വിലയിരുത്തപ്പെടുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ലോകകപ്പ് ഫിക്‌സ്ചറിൽനിന്ന് ഒഴിവാക്കിയത് നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ”അഹമ്മദാബാദ് ഇന്ത്യയിലെ ക്രിക്കറ്റിന്റെ പുതിയ തലസ്ഥാനമാകുകയാണോ?. പക്ഷേ ഒന്നോ, രണ്ടോ മത്സരങ്ങളെങ്കിലും കേരളത്തിന് അനുവദിച്ചുകൂടെ?”- തരൂർ ട്വീറ്റ് ചെയ്തു. ലോകകപ്പ് സമയക്രമത്തിന്റെ ചിത്രം പങ്കുവച്ച് ട്വിറ്ററിലൂടെയാണ് തരൂരിന്റെ വിമർശനം.
|
ഒരുപാട് മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. പത്തു പതിനൊന്ന് നഗരങ്ങൾക്കാണ് മത്സരം അനുവദിച്ചത്. ഇതിൽ ചിലതിന് നാലും അഞ്ചും മത്സരങ്ങൾ ലഭിച്ചിട്ടുണ്ട്. മനോഹരമായ പുതിയ സ്റ്റേഡിയമുള്ള തിരുവനന്തപുരത്തും മൊഹാലിയിലും റാഞ്ചിയിലുമെല്ലാം മത്സരം വച്ച് സന്തോഷം കൂടുതൽ പ്രസരിപ്പിക്കണമായിരുന്നു. ഇതെല്ലാം വലിയ ആരാധകപിന്തുണയും മികച്ച സ്റ്റേഡിയങ്ങളുമുള്ള നഗരങ്ങളാണ്. ഒരു വേദിക്ക് നാലും അഞ്ചും മത്സരം നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇത് ബി.സി.സി.ഐയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ്- പിന്നീട് വാർത്താ ഏജൻസിയോട് ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരത്ത് ലോകകപ്പിലെ ഏതാനും മത്സരങ്ങൾ നടത്തുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ ലോകകപ്പ് മത്സരക്രമങ്ങൾ പുറത്തുവന്നപ്പോൾ കാര്യവട്ടം സ്റ്റേഡിയത്തെ ഒഴിവാക്കി. ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ മാത്രമാണ് കേരളത്തിൽ നടത്തുക. ഒക്ടോബർ അഞ്ചിനാണ് ഏകദിന ലോകകപ്പിന് തുടക്കമാകുന്നത്.
കഴിഞ്ഞ ദിവസം ഐ.സി.സിയും ബി.സി.സി.ഐയും ചേർന്നാണ് 2023 ഏകദിന ലോകകപ്പിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടത്. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന മത്സരം 46 ദിവസം നീണ്ടുനിൽക്കും. ഒക്ടോബർ 15നു നടക്കുന്ന ഇന്ത്യാപാക് മത്സരത്തിന് അഹ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദിയാകുന്നത്.
Disappointed to see that Thiruvananthapuram’s #SportsHub, hailed by many as the best cricket stadium in India, is missing from the #WorldCup2023 fixture list. Ahmedabad is becoming the new cricket capital of the country, but could a match or two not have been allotted to Kerala? pic.twitter.com/55jU1PLksQ
— Shashi Tharoor (@ShashiTharoor) June 27, 2023


