08
Mar 2023
Thu
08 Mar 2023 Thu

 

 

അബുദാബി: ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ യു.എ.ഇയുടെ പുതിയ വൈസ് പ്രസിഡന്റായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിച്ചു. ഫെഡറൽ സുപ്രീം കൗൺസിലിന്റെ അംഗീകാരത്തോടെയാണ് നിയമനം. അബുദാബി കിരീടാവകാശിയായി ശൈഖ് ഖാലിദ് ബിൻ മുഹമ്മദിനേയുംനിയമിച്ചു.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദിനൊപ്പം ശൈഖ് മൻസൂറും സേവനമനുഷ്ഠിക്കും. ശൈഖ് തഹ്നൂൻ ബിൻ സായിദിനെയും ശൈഖ് ഹസ്സ ബിൻ സായിദിനെയും അബുദാബിയുടെ ഡെപ്യൂട്ടി ഭരണാധികാരികളായും നിയമിച്ചിട്ടുണ്ട്. രാഷ്ട്രത്തലവനെന്ന നിലയിലാണ് ശൈഖ് മുഹമ്മദ് വൈസ് പ്രസിഡന്റ് നിയമനം നടത്തിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

ശൈഖ് ഖലീഫയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ മേയിലാണ് രാജ്യത്തെ ഭരണാധികാരിയായി ശൈഖ് മുഹമ്മദിനെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി നിയമിതനായ ശൈഖ് മൻസൂർ ഉപപ്രധാനമന്ത്രിയായും പ്രസിഡൻഷ്യൽ കോടതി മന്ത്രിയായും അബുദാബി വെൽത്ത് ഫണ്ടിലടക്കം നിരവധി പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. യു.എ.ഇയിൽ അടുത്തിടെ പൗര, കുടുംബ, വ്യക്തിഗത നിയമങ്ങളിൽ നടത്തിയ വലിയ നവീകരണത്തിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് ചെയർമാനെന്ന നിലയിൽ ശൈഖ് മൻസൂറാണ് നേതൃത്വം നൽകിയത്.

രാജ്യത്തെ പ്രവാസികളെ ശരീഅത്ത് അധിഷ്ഠിത നിയമ വ്യവസ്ഥയിൽനിന്ന് ഫലപ്രദമായി വേർതിരിക്കുന്നതായിരുന്നു നവീകരണം. ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിലിന്റെ തലവനായി രാജ്യത്തെ സ്വദേശിവൽക്കരണ പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകി.

ശൈഖ് മുഹമ്മദിന്റെ മൂത്തമകൻ ശൈഖ് ഖാലിദ് അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമീപകാല വികസന പദ്ധതികൾക്ക് ഇദ്ദേഹമാണ് മേൽനോട്ടം വഹിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന ശൈഖ് തഹ്നൂൻ സർക്കാർ അനുബന്ധ കമ്പനികളിൽ ഉന്നത സ്ഥാനങ്ങളും വഹിക്കുന്നു.