കല്‍നടയായി ഹജ്ജ് ചെയ്ത് മടങ്ങിയെത്തി; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടില്‍ സ്വീകരണം
|
മലപ്പുറം: ജില്ലയില്‍നിന്ന് കാല്‍നടയായി സഞ്ചരിച്ച് മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചു വന്ന ശിഹാബ് ചോറ്റൂരിന് ജന്മനാട്ടില്‍ സ്വീകരണം. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ഷിഹാബിന് സ്വീകരണം നല്‍കിയത്. 370 ദിവസങ്ങള്‍ കൊണ്ടാണ് ശിഹാബ് ചോറ്റൂര്‍ 8,600 കിലോമീറ്റര്‍ താണ്ടി മക്കയിലെത്തി ഹജ്ജ് കര്‍മം നിര്‍വഹിച്ചത്.
കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങള്‍ സ്‌നേഹാലയമാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ശിഹാബ് ചോറ്റൂര്‍ തന്നെ സ്വീകരണം ഫേസ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചിരുന്നു. യാത്രയില്‍ നേരിട്ട പ്രയാസങ്ങള്‍ ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ ശിഹാബ് നാട്ടുകാരുമായി പങ്കുവച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്. നാലുദിവസം മുമ്പാണ് ശിഹാബ് നാട്ടിലെത്തിയത്. ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയില്‍ എത്തിയത്.
സ്വീകരണ സമ്മേളനത്തില്‍ പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍, സ്വാമി ആത്മദാസ് യമി, എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, എസ്.കെ.എസ്.എസ്.എഫ് നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.





