ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവായ പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് വീണ്ടും വിവാഹിതനായ വാർത്ത ഏവരേയും ഞെട്ടിച്ചിരുന്നു. ഇരുവരും വിവാഹമോചിതരായെന്ന വാർത്തയൊന്നും വന്നിരുന്നില്ലെന്നിരിക്കെ ശുഐബിന്റെ രണ്ടാം വിവാഹം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും കാരണമായി. എന്നാൽ എല്ലാ സംശയങ്ങൾക്കും വിരാമം കുറിച്ച് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്.
|
ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നെന്ന് പിതാവ് ഇമ്രാൻ മിർസ വ്യക്തമാക്കി. ശുഐബ് വീണ്ടും വിവാഹിതനായതിനു പിന്നാലെയാണ് സാനിയയുടെ പിതാവിന്റെ പ്രതികരണം. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഇമ്രാൻ മിർസ ഇക്കാര്യം വ്യക്തമാക്കിയത്.
ഖുല്‍അ്ലൂടെയാണ് ഇരുവരും വിവാഹമോചിതരായതെന്നാണ് പിതാവ് വ്യക്തമാക്കിയത്. ഒത്തുപോകാനാവാത്ത അവസ്ഥയിൽ, ശരീഅത്ത് നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള അവകാശമാണ് ഖുല്‍അ്. വിവാഹസമയത്ത് വരൻ നല്‍കിയ മഹ്റോ മൂല്യമുള്ള വസ്തുക്കളോ തിരികെ നല്‍കിയാണ് ഖുല്‍അ് നടപ്പിലാക്കുന്നത്.
സാനിയ മിര്‍സയുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത കാര്യം ശുഐബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഇന്നാണ് അറിയിച്ചത്. വിവാഹ ചിത്രങ്ങള്‍ ശുഐബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.
സാനിയയും ശുഐബും തമ്മില്‍ വിവാഹ മോചിതരാവുകയാണെന്ന വാര്‍ത്ത ഇരുവരും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും കുറേ നാളുകളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് ശുഐബ്- സന ജാവേദ് വിവാഹം.
2010 ഏപ്രിലിലാണ് മാലിക്കും സാനിയ മിർസയും തമ്മിൽ വിവാഹിതരായത്. പിന്നീട് ഇരുവരും ദുബൈയിൽ താമസമാക്കിയിരുന്നു. 2018ൽ ഇരുവർക്കും മകനായ ഇഷാൻ ജനിച്ചു. ഇതിനു ശേഷവും സാനിയ കളിക്കളത്തിലേക്ക് മടങ്ങിയെത്തി. നിലവിൽ സാനിയയ്ക്കൊപ്പമാണ് മകനുള്ളത്.
മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.
‘വിവാഹവും വിവാഹമോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തെരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ’ എന്നായിരുന്നു സാനിയ കുറിച്ചത്.


