തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന നേതാവും ദേശീയ നിര്‍വാഹക സമിതിയംഗവുമായ ശോഭ സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അഭിമാനക്ഷതമേറ്റുവെന്നും ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് പാര്‍ട്ടി ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
|
താന്‍ പാര്‍ട്ടി പരിപാടികളില്‍ വരാത്തതിനെ കുറിച്ച് പല തലങ്ങളില്‍ നിന്ന് ചോദ്യം ഉയരുന്നുണ്ട്. ഇതിന് ഉത്തരം നല്‍കേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിജെപിക്ക് സംസ്ഥാനത്തെ പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ വന്നുവെങ്കിലും തന്നെയടക്കം പലരെയും മാറ്റി നിര്‍ത്തുകയാണ്. അതിന് ഉത്തരം പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അവര്‍ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വമര്‍ശനം ഉയര്‍ത്തിയത്.
പാര്‍ട്ടിക്കു വേണ്ടി ജീവിതത്തില്‍ സര്‍വസ്വവും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. എന്നിട്ടും അങ്ങനെയൊരാളെ, സമൂഹമധ്യത്തില്‍ പാര്‍ട്ടിക്കാരെക്കൊണ്ട് അപമാനിക്കുമ്പോള്‍ താനാണോ ഉത്തരം പറയേണ്ടത്. താന്‍ എന്താണ് ചെയ്യേണ്ടത്. ചില കാര്യങ്ങള്‍ സമൂഹത്തോട് തുറന്നു പറയേണ്ടിവരുമെന്നും അത് പാര്‍ട്ടിയെ കൂടുതല്‍ നന്നാക്കാന്‍ വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.





