21
Jul 2023
Sat
21 Jul 2023 Sat

കോഴിക്കോട്: റോഡരികില്‍ എ.ഐ കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുകയും ട്രാഫിക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാവുകയും ചെയ്തതോടെ രജിസ്‌ട്രേഷന്‍ (ആര്‍.സി) മാറ്റാതെ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നവര്‍ പിന്നീട് നിരവധി ഊരാക്കുടുക്കുകളില്‍ പെടുന്നുണ്ട്. ട്രാഫിഖ് നിയമലംഘനത്തിന് നോട്ടീസ് വരുന്നതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് ആര്‍.സി മാറ്റാതെ വാഹനം വില്‍ക്കുന്നവര്‍ നേരിടാന്‍ പോകുന്നത്. യൂസ്ഡ് കാര്‍ ഷോറൂമിലായാലും എക്‌സ്‌ചേഞ്ച് മേളകളിലായാലും മറ്റ് കച്ചവടക്കാര്‍ക്കായാലും വാഹനം നല്‍കുന്നത് ഇത്തരം സാഹചര്യങ്ങളിലേക്ക് എത്തിച്ചേക്കാം. ഇത്തരം വാഹനങ്ങള്‍ ട്രാഫിക് നിയമലംഘനം മുതല്‍ ക്രിമിനല്‍ കേസുകളില്‍ വരെ ഉള്‍പ്പെട്ടാല്‍ ആരുടെ പേരിലാണോ വണ്ടിയുള്ളത് അയാള്‍ കോടതി കയറേണ്ടിവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആര്‍.സി.ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ് മുന്‍കൈയെടുക്കേണ്ടത്.

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 2 (30) അനുസരിച്ച് ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തത് അയാളാണ് വാഹനത്തിന്റെ രജിസ്‌ട്രേഡ് ഓണര്‍. എല്ലാ എഗ്രിമെന്റുകളും എഴുതി ഒരു വാഹനം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്താലും രജിസ്റ്ററിങ്ങ് അതോരിറ്റിയില്‍ അപേക്ഷ നല്‍കി പേര് മാറ്റത്തിടത്തോളം കാലം നിലവില്‍ വാഹനം രജിസ്റ്റര്‍ ചെയ്യപ്പെട്ട ആളുകളുടെ പേരിലായിരിക്കും എല്ലാ ബാധ്യതയും. വാഹനം വാങ്ങുന്നയാള്‍ പേര് മാറ്റുമെന്ന വിശ്വാസത്തില്‍ ഒരുകാരണവശാലും സ്വന്തം വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കരുത്. ഇത് ഭാവിയില്‍ വലിയ ഊരാക്കുടുക്കിലേക്കായിരിക്കും നിങ്ങളെ തള്ളിവിടുക.

മുന്‍കാലങ്ങളില്‍ വാഹനം വാങ്ങുന്ന ആളുകളാണ് ഉടമസ്ഥാവകാശം മാറുന്നതിനായി ആര്‍.ടി.ഓഫീസുകളില്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, പല അവസരങ്ങളിലും വാഹനം വാങ്ങുന്നവര്‍ ഇതിന് തയാറാകാതെ ഇരിക്കുക പതിവാണ്. പ്രത്യേകിച്ച് വാഹന കച്ചവടക്കാരും മറ്റും പേര് മാറ്റാതെ കൈമാറ്റം ചെയ്യുന്നതും പതിവായിരുന്നു. ഇത്തരത്തില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് മുന്‍ ഉടമ കുടുങ്ങുന്നതും കേട്ടതാണ്. അതിനാലാണ് സര്‍ക്കുലര്‍ 10/2020 പ്രകാരം വാഹനം വില്‍ക്കുന്നയാള്‍ക്കോ വാങ്ങുന്നയാള്‍ക്കോ അതത് ഓഫീസില്‍ അപേക്ഷ നല്‍കി പേരുമാറ്റാനുള്ള സൗകര്യവും ഇപ്പോഴുണ്ട്.

വാഹനം വാങ്ങുന്നയാളുടെ അഡ്രസ് പ്രൂഫ് ഉള്‍പ്പെടെ പരിവാഹന്‍ വെബ്‌സൈറ്റ് വഴി നിലവിലെ ഉടമയുടെയും വാങ്ങുന്നയാളിന്റെയും മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി എന്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുകയും അതിന്റെ പ്രിന്റ് ഒപ്പിട്ട് ഒറിജിനല്‍ ആര്‍.സി ബുക്കും മറ്റ് രേഖകളും ഉള്‍പ്പെടെ സ്വന്തം പരിധിയിലുള്ള ആര്‍.ടി. ഓഫീസില്‍ സമര്‍പ്പിച്ചാല്‍ പുതുതായി വാങ്ങിയ ആളുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുകയും സ്പീഡ് പോസ്റ്റില്‍ ഇത് അവര്‍ക്ക് അയച്ചുനല്‍കുകയും ചെയ്യും.

ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായ ഫേസ് ലെസ് സേവനമാണ് ഉടമസ്ഥാവകാശം മാറ്റുന്നതിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒറിജിനല്‍ ആര്‍.സി. ബുക്ക് ആര്‍.ടി.ഓഫീസില്‍ സമര്‍പ്പിക്കാതെ തന്നെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനും, ഒറിജിനല്‍ ആര്‍.സി. ബുക്ക് വാഹനം വാങ്ങുന്ന പുതിയ ഉടമസ്ഥന് നല്‍കി രസീത് വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്ന രീതിയും ലഭ്യമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും.