30
May 2023
Tue
30 May 2023 Tue

ബെംഗളുരു: സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തി കോൺഗ്രസ് നേതൃത്വം. ഡൽഹിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. ആദ്യ ഘട്ടം സിദ്ധരാമയ്യയാകും മുഖ്യമന്ത്രി. പദവിയിൽ അദ്ദേഹം രണ്ടുവർഷം തുടരും. രണ്ടാംഘട്ടത്തിൽ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തി മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോണിയാ ഗാന്ധി എത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ബെംഗളുരുവിൽ വച്ച് പ്രഖ്യാപിക്കാനുള്ള സാധ്യതകളുമുണ്ട്. നിരവധി ഓഫറുകളാണ് ഡികെയെ അനുനയിപ്പിക്കാനായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് വച്ചത്. ആദ്യ ടേം തനിക്ക് വേണമെന്ന് ഡികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി, കൂടുതൽ ഓഫറുകൾ മുന്നോട്ട് വെക്കുകയായിരുന്നു.

ഒറ്റ ഉപമുഖ്യമന്ത്രി പദം മാത്രം, കൂടുതൽ വകുപ്പുകൾ, നിർദ്ദേശിക്കുന്ന മൂന്ന് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെയാണ് മുന്നോട്ട് വച്ച ഓഫറുകൾ. രണ്ടാം ഘട്ടത്തിൽ ഡികെ മുഖ്യമന്ത്രിയാകുന്നതോടെ കൂടൂതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നതാണ് തീരുമാനം.

135 സീറ്റുകളിൽ വിജയം നേടിയാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 66 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 19 സീറ്റ് ജെഡിഎസിനും ലഭിച്ചു.