13
Feb 2023
Thu
13 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽമോചിതനാകും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. റിലീസിങ് ഓർഡർ വിചാരണകോടതിയിൽനിന്ന് ജയിലിലേക്ക് അയച്ചു. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓർഡർ എത്താൻ നാലുമണി കഴിഞ്ഞതിനാൽ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.

നേരത്തെ രണ്ടുതവണ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോൾ എയിംസിൽ ചികിത്സക്ക് വേണ്ടിയുമാണ് പുറത്തിറങ്ങിയിരുന്നത്. ഹാഥ് രസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഉത്തർപ്രദേശ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹിക്കടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. 27 മാസമായി ജയിലിൽ കഴിയുകയാണ് കാപ്പൻ.

സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.പിന്നീട് കാപ്പനെതിരെ യുഎപിഎ ചുമത്തി. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും ഉത്തർപ്രദേശ് പൊലീസ് കാപ്പനെതിരെ ചുമത്തിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക