22
Sep 2022
Sat
22 Sep 2022 Sat

എൻ എം സിദ്ദീഖ്

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദിയിൽ ‘പാൽതൂ ജാൻവറെ’ന്നാൽ വളർത്തു മൃഗങ്ങൾ. ‘വളർത്തു മൃഗങ്ങൾ’ എന്ന പേരിൽത്തന്നെ മലയാളത്തിൽ ഒരു എം.ടി സിനിമ വന്നിരുന്നു, സർക്കസ് പ്രമേയമാക്കി. വിനോയ് തോമസിന്റെയും അനീഷ് അഞ്ജലിയുടെയും തിരക്കഥയിൽ സംഗീത് പി രാജൻ സംവിധാനം ചെയ്ത ‘പാൽതൂ ജാൻവർ’ എന്ന സിനിമ അസാധാരണമായ ലാളിത്യത്തോടെ ഒന്നേമുക്കാൽ മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ അസാമാന്യമായി വിജയിച്ചിരിക്കുന്നു.

 

നനുത്ത നർമത്തിൽ ഒരു പൂപോലെ വിടരുന്ന ‘പാൽ ജാൻവറി’ൽ ഗ്രാമ്യ നിഷ്‌കളങ്കതയത്രയും അത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നു. കണ്ണൂരിലെ സാധാരണമായൊരു കാർഷിക ഗ്രാമത്തിൽ പശുവും കോഴിയും പന്നിയുമൊക്കെ മനുഷ്യജീവിത ആവാസവ്യവസ്ഥയിൽ അത്രമേൽ ചേർത്തുനിർത്തുന്ന പ്രകൃതിയിലും സാഹചര്യത്തിലാണ് കഥ നടക്കുന്നത്. 

 

സാധാരണ സിനിമകളിലെപ്പോലെ പ്രണയം, സംഘട്ടനം, ലൈംഗികത എന്നിങ്ങനെയുള്ള ചേരുവകളൊന്നും ‘പാൽതൂ ജാൻവറി’ലില്ല. കണ്ണൂരിലെ കുടിയാൻ മലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്‌റ്റോക് ഇൻസ്‌പെക്ടറായി ജോലിചെയ്യാനെത്തുന്ന പ്രസൂണെന്ന നായക കഥാപാത്രം. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന ആ കഥാപാത്രത്തിന് ഒരു താൽപര്യവുമില്ലാതെയാണ് കുഗ്രാമത്തിൽ ലൈവ്‌സ്‌റ്റോക് ഇൻസ്‌പെക്ടറുടെ സർക്കാർ ജോലിയിൽ ചേരുന്നത്.

 

ആശ്രിത നിയമനത്തിൽ ജോലിക്കെത്തുന്ന പ്രസൂണിന് തുടക്കം തന്നെ പങ്കെടുക്കേണ്ടി വരുന്ന ഗ്രാമസഭയോടെ തന്റെ ‘ജോലിഭാരം’ വെല്ലുവിളിയാവുകയാണ്. മൃഗഡോക്ടർക്ക് തൊട്ടു താഴെയാണ് ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർ. മനുഷ്യരെ ചികിൽസിക്കുന്നതിനെക്കാളും എത്രയോ ഉന്നതമാണ് മൃഗത്തെ ചികിൽസിക്കുന്നത്. മിണ്ടാപ്രാണികളുടെ മനമറിഞ്ഞ് രോഗനിർണയം നടത്തുകയെന്ന വെല്ലുവിളിയാണത്.

 

മനുഷ്യരെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് രോഗവിവരങ്ങൾ ചോദിച്ചറിയാം. അവരിൽത്തന്നെ സ്പഷലൈസേഷനുമുണ്ട്. കണ്ണ് ഡോക്ടർക്ക് കണ്ണിന്റെ പ്രശ്‌നങ്ങൾ മാത്രമറിഞ്ഞാൽ മതി. ഹൃദയം, അസ്ഥി, ത്വക് രോഗവിദഗ്ദർക്ക് അവരുടെ മേഖലയിൽ അറിവുണ്ടായാൽ മതി. പക്ഷേ ഒരു മൃഗ ഡോക്ടർക്ക് പരതരം പക്ഷി മൃഗാദികളെ ചികിൽസിക്കേണ്ടിവരും. അതൊരുതരം അതീന്ദ്രിയ ജ്ഞാനമാണ്. അങ്ങനെയാരതീന്ദ്രിയത്വത്തിലാണ് മൃഗസംരക്ഷകരുടെ പണി.  

 

ലൈവ്‌സ്‌റ്റോക് ഇൻസ്‌പെക്ടറായ കൂട്ടകാരിയോട് ഉപദേശം തേടി പ്രസൂൺ ജോലിയിൽ മുഴുകാൻ കിണഞ്ഞു പരിശ്രമിക്കുന്നുവെങ്കിലും യാദൃശ്ചികതകൾ അയാളെ സസ്‌പെൻഷനോളം എത്തിക്കുകയാണ്. ഒടുവിൽ പരാജിതനായി കുടിയാൻ മല വിടാനൊരുങ്ങുന്ന പ്രസൂൺ മോളിക്കുട്ടിയെന്ന പശുവിന്റെ സൂതികർമമേറ്റെടുക്കാൻ നിർബന്ധിതനാവുന്നു.  

 

പ്രസൂണായി കസറിയ ബേസിൽ ജോസഫ് തന്നെയാണ് ‘പാൽതൂ ജാൻവറി’ലെ ഹൈലൈറ്റ്. മെമ്പർ കൊച്ചുജോർജായാണ് ഇന്ദ്രൻസ് വേഷമിട്ടത്. എന്തിനെയും വൈകാരികമായി കാണുന്ന കഥാപാത്രത്തെ ഇന്ദ്രൻസ് കൈയടക്കത്തോടെ അവതരിപ്പിക്കുന്നു. ഡേവിസ് ചേട്ടനായി വരുന്ന ജോണി ആന്റണിയും വികാരിയച്ചനായി ദിലീഷ് പോത്തനും ഡോക്ടർ സുനിൽ ഐസക്കായി ഷമ്മി തിലകനും തകർത്തഭിനയിക്കുന്ന ‘പാൽതൂ ജാൻവർ’ നാട്ടിൻപുറ നന്മകളുടെ നേർച്ചിത്രമാണ്.