SIR draft roll പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗോവ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (SIR) പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 7.6 ശതമാനത്തിന്റെ കുറവുണ്ടായതായും ഒരു കോടിയിലധികം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
|
തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ പ്രഖ്യാപിച്ച ഒക്ടോബര്‍ 27-ന് അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആകെ വോട്ടര്‍മാരുടെ എണ്ണം 13.35 കോടിയായിരുന്നു. കരട് വോട്ടര്‍പട്ടിക പുറത്തു വന്നപ്പോള്‍ ഇത് 12.33 കോടിയായി കുറഞ്ഞതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ (CEO) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ALSO READ: എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
നവംബര്‍ 4-ന് ആരംഭിച്ച കണക്കെടുപ്പ് ഘട്ടത്തില്‍ ഫോമുകള്‍ സമര്‍പ്പിച്ച വോട്ടര്‍മാരെ മാത്രമാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള 1.02 കോടി വോട്ടര്‍മാരെ ‘താമസം മാറിയവര്‍/സ്ഥലത്തില്ലാത്തവര്‍’, ‘മരിച്ചവര്‍’, ‘ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍’ എന്നീ വിഭാഗങ്ങളിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബിഹാറില്‍ നടന്ന വോട്ടര്‍പട്ടിക പുതുക്കലിലും സമാനമായ രീതിയില്‍ എട്ട് ശതമാനത്തോളം വോട്ടര്‍മാരെ ഒഴിവാക്കിയിരുന്നു.
രാജസ്ഥാന്‍
രാജസ്ഥാനില്‍ മാത്രം ഏകദേശം 42 ലക്ഷം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഇത് ആകെ വോട്ടര്‍മാരുടെ 7.66 ശതമാനമാണ്. ഇതില്‍ 8.75 ലക്ഷം പേര്‍ (1.6%) മരണപ്പെട്ടവരും, 29.6 ലക്ഷം പേര്‍ (5.43%) സ്ഥിരമായി താമസം മാറിയവരോ സ്ഥലത്തില്ലാത്തവരോ ആണ്. 3.44 ലക്ഷം പേര്‍ (0.63%) ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവരോ ഇരട്ടിപ്പുള്ളവരോ ആണ്.
ജില്ലാ തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ജയ്പൂരില്‍ 5.3 ലക്ഷത്തിലധികം പേരുകള്‍ ഒഴിവാക്കി. അജ്മീര്‍, കോട്ട, അല്‍വാര്‍, സിക്കാര്‍, പാലി എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തിലധികം വോട്ടര്‍മാരെ വീതം നീക്കം ചെയ്തു. കഴിഞ്ഞ മാസം ഉപതിരഞ്ഞെടുപ്പ് നടന്നതിനാല്‍ അന്ത (Anta) അസംബ്ലി മണ്ഡലത്തിലെ വിവരങ്ങള്‍ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഗോവ
ഗോവയില്‍ ഒരു ലക്ഷത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ആകെ 11,85,034 വോട്ടര്‍മാരില്‍ 10,84,992 പേര്‍ (91.56%) വിവരശേഖരണ ഫോമുകള്‍ സമര്‍പ്പിച്ചതായി ഗോവ സി.ഇ.ഒ സഞ്ജയ് ഗോയല്‍ അറിയിച്ചു.
ഒഴിവാക്കപ്പെട്ട 1,00,042 പേരില്‍ 25,574 പേര്‍ മരണപ്പെട്ടവരും, 29,729 പേര്‍ കണ്ടെത്താനാകാത്തവരും, 40,469 പേര്‍ സ്ഥിരമായി താമസം മാറിയവരുമാണ്. 1,997 പേര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളതായി കണ്ടെത്തി. വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത 2,273 പേരെ ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ ഗോവയില്‍ നിന്ന് 44,639 പേരെയും തെക്കന്‍ ഗോവയില്‍ നിന്ന് 55,403 പേരെയും നീക്കം ചെയ്തു.
പുതുച്ചേരി
പുതുച്ചേരിയില്‍ 1.03 ലക്ഷത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വിതരണം ചെയ്ത 10,21,578 ഫോമുകളില്‍ 1,03,467 എണ്ണം മരണം, കുടിയേറ്റം, ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ തിരികെ ശേഖരിക്കാനായില്ലെന്ന് പുതുച്ചേരി സി.ഇ.ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഇതോടെ നിലവിലെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 9,18,111 ആയി. കണക്കുകള്‍ പ്രകാരം 20,798 പേര്‍ മരണപ്പെട്ടവരും 80,645 പേര്‍ താമസം മാറിയവരോ സ്ഥലത്തില്ലാത്തവരോ ആണ്. 2,024 പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവരായി കണ്ടെത്തി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇവരെ ഒരു സ്ഥലത്ത് മാത്രമേ വോട്ടര്‍മാരായി നിലനിര്‍ത്തുകയുള്ളൂ.
കേരളത്തില്‍ ഇന്ന് അവസാനിക്കും
കേരളത്തില്‍ എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് നല്‍കുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. മരണം, സ്ഥലം മാറിപ്പോവല്‍, ഫോം പൂരിപ്പിച്ച് നല്‍കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് നീക്കം ചെയ്തവരുടെ പട്ടിക ഇന്നലെ പുറത്തുവിട്ടിട്ടിട്ടുണ്ട്. ഇതു പ്രകാരം 25 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്താവും.


