21
Jan 2026
Sun
21 Jan 2026 Sun
sir kerala hearing

എസ്‌ഐആര്‍ നടപടികളില്‍ പ്രവാസികള്‍ക്ക് ആശ്വാസം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രായമുള്ളയാളുകള്‍, പ്രവാസികള്‍ എന്നിവരെ ഹിയറിങ്ങിന് നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധിക്കാതെ അവര്‍ നിയോഗിക്കുന്ന പകരക്കാരെ ഹിയറിങിന് പരിഗണിക്കണമെന്ന് ഇ.ആര്‍.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ (സി.ഇ.ഒ) രത്തന്‍ യു. ഖേല്‍ക്കര്‍. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ, ഹിയറിങിന് നോട്ടീസ് ലഭിച്ച പ്രവാസികള്‍ ഉള്‍പ്പെടെ നേരിട്ട് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. നിലവില്‍ വിദേശത്തുള്ളവര്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശങ്ക ഉയര്‍ത്തിയതോടെയാണ് അനുകൂല സമീപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ടര്‍മാര്‍ക്ക് പരമാവധി സഹായകരമായ സമീപനം സ്വീകരിക്കണമെന്ന് കമീഷന്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ക്ക് ബുദ്ധിമുട്ട് വരാതെയാണ് ഹിയറിങ് നടത്തുക. മാപ്പ് ചെയ്യാനാകാത്ത 19.32 ലക്ഷം പേരില്‍ 5.12 ലക്ഷം വോട്ടര്‍മാരുടെ രേഖകള്‍ ഇതിനോടകം ബി.എല്‍.ഒമാര്‍ സമാഹരിച്ചിട്ടുണ്ട്. ഇത്രയും പേരുടെ ഹിയറിങ് നടത്തണോ വേണ്ടയോ എന്നത് ഇ.ആര്‍.ഒമാരുടെ വിവേചനാധികാരമാണ്. നോട്ടീസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് മുതലാണ് ഹിയറിങ് ആരംഭിക്കുക.

ALSO READ: എസ്‌ഐആര്‍ കരട് പട്ടികയില്‍ പേരുണ്ടായാലും രക്ഷയില്ല; 20 ലക്ഷത്തോളം പേരുടെ കാര്യം ആശങ്കയില്‍

നിലവില്‍ കരട് പട്ടികയിലുള്ള മാപ്പ് ചെയ്യാനാകാത്തവരെയെല്ലാം അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കമീഷന്റെ ഉദ്ദേശമെന്ന് രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. ഏതെങ്കിലും ഒരാളെ പുറത്താക്കുന്നുണ്ടെങ്കില്‍ അതിന് നീതിയുക്തവും വ്യക്തവുമായ കാരണം ഇ.ആര്‍.ഒമാര്‍ സമര്‍പ്പിക്കണം. അര്‍ഹരായ ഒരു വോട്ടറും പട്ടികക്ക് പുറത്താവില്ല എന്ന് താന്‍ ഉറപ്പുനല്‍കുന്നു.

2002 ലെ പട്ടികയിലെ അച്ഛന്റെ പേരിലെ അക്ഷരവ്യത്യാസമടക്കം യുക്തിപരമായ പൊരുത്തക്കേടുകളില്‍ നോട്ടീസ് നല്‍കുകയോ ഹിയറിങ് നടത്തുക വേണ്ടതില്ലെന്നാണ് നിര്‍ദേശം. ഇത്തരം പിശകുകള്‍ ബി.എല്‍.ഒമാരുടെ സാക്ഷ്യവാങ്മൂലത്തോടെ തീര്‍പ്പാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.എല്‍.ഒമാര്‍ പുതിയ അപേക്ഷ (ഫോം 6) സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ കര്‍ശനമായി ഇടപെടും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടോ എന്നും പരിശോധിക്കും.

ബൂത്ത് പുനഃക്രമീകരണത്തെ തുടര്‍ന്ന് ഒരു വീട്ടിലുള്ളവര്‍ വിവിധ ബൂത്തുകളിലായി ചിതറിപ്പോയ കേസുകളില്‍ ഫാമിലി ഗ്രൂപ്പിങ് നടത്തി പരിഹാരം കാണും. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഈ പോരായ്മ പരിഹരിച്ചിട്ടുണ്ടാകും. ഫാമിലി ഗ്രൂപ്പിങിന് അപേക്ഷ വേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കമീഷന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രതിവാരമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇനി ഉണ്ടാവില്ല. അതേ സമയം അവശ്യഘട്ടങ്ങളില്‍ യോഗം ചേരും.

സംസ്ഥാന തലത്തിലുള്ള പ്രതിവാര യോഗം ഇനിയില്ലെങ്കിലും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരാന്‍ എല്ലാ ഇ.ആര്‍.ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിന് കളക്ടര്‍മാര്‍ എല്ലാ ആഴ്ചകളിലും ഇ.ആര്‍.ഒമാരുടെ യോഗവും വിളിക്കും.

രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളിലുയര്‍ന്ന എല്ലാ നിര്‍ദേശങ്ങളും കമീഷനെ അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങളില്‍ ചട്ടപ്രകാരം നടപ്പാക്കാന്‍ കഴിയുന്നവയെല്ലാം നടപ്പാക്കി. എസ്.ഐ.ആര്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് പ്രതിവാരം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നടക്കുന്നതെന്നും രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി.