23
Dec 2025
Thu
23 Dec 2025 Thu
sir thrissur fake vote

ബിജെപി വലിയ താല്‍പര്യമെടുക്കുന്ന എസ്‌ഐആര്‍ പാര്‍ട്ടിക്ക് തന്നെ പണിയാവുന്നു. ഇതര സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ ഉപയോഗിച്ച് ബിജെപിക്ക് വേണ്ടി വ്യാപകമായി വോട്ടുകള്‍ വെട്ടിയതായി ആരോപണമുയരുമ്പോള്‍ കേരളത്തില്‍ ബിജെപിക്കെതിരായ കള്ളവോട്ട് ആരോപണങ്ങള്‍ക്ക് ശക്തി പകരുകയാണ് എസ്‌ഐആര്‍ കണക്കുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിക്ക് വലിയ സ്വാധീനമുള്ള തിരുവനന്തപുരത്തും പാലക്കാടും വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിന് പുറമേ തൃശൂരിലും കണക്കുകള്‍ പാര്‍ട്ടിക്ക് പണിയാവുകയാണ്. പുതിയ പട്ടിക പ്രകാരം തൃശൂര്‍ ജില്ലയില്‍ 2,47,731 വോട്ടര്‍മാര്‍ പുറത്താക്കപ്പെട്ടു. ഇവയിലധികവും തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ടവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തൃശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്താണ് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയം ഉറപ്പാക്കിയതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അത് ശരിവെക്കുന്നതാണ് പുറത്തുവന്ന കണക്കുകള്‍. പുതിയ പട്ടിക പ്രകാരം 24,02,432 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 2025 ഒക്ടോബറിലെ പട്ടിക പ്രകാരം 26,50,163 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടര ലക്ഷത്തോളം പേര്‍ പുറത്തായതോടെ ഏകദേശം പത്ത് ശതമാനം ആളുകള്‍ കുറഞ്ഞു.

ALSO READ: എസ്‌ഐആര്‍ കരടില്‍ പേരില്ലാത്തവര്‍ക്ക് ഇപ്പോള്‍ വോട്ട് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

ഇതില്‍ ഈ കാലയളവില്‍ 50637 പേര്‍ മരിച്ചു. 11262 പേര്‍ക്ക് മറ്റ് മണ്ഡലങ്ങളിലും വോട്ടുള്ളവരാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 75000 ന് മുകളില്‍ വോട്ടുകള്‍ ചേര്‍ത്തെന്നാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ ആരോപിക്കുന്നത്. തൃശൂര്‍ നഗരത്തിലാണ് വോട്ടുകള്‍ വ്യാജമായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. മറ്റ് മണ്ഡലങ്ങളില്‍ ഉള്ളവരെ തൃശൂരിലേക്ക് വ്യാപകമായി ഇരട്ട വോട്ട് ചേര്‍ത്തതിന്റെ തെളിവുകള്‍ നേരത്ത പുറത്തുവന്നിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് എസ്‌ഐആര്‍ കണക്കുകള്‍.

ഒരു ഫ്‌ലാറ്റിന്റെ വിലാസത്തില്‍ 30ലധികം വോട്ടുകള്‍ ചേര്‍ക്കുന്ന സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതര ജില്ലകളില്‍ നിന്നടക്കം വിജയസാധ്യത മുന്‍നിര്‍ത്തി ആളുകളെ ഇവിടെ എത്തിച്ച് വോട്ട് ചേര്‍ത്തിരുന്നു. അവയെല്ലാം എസ്.ഐ.ആര്‍ വന്നപ്പോള്‍ തിരികെ പോകുകയോ തിരിച്ചറിയാന്‍ കഴിയാത്ത ഗണത്തില്‍ പെടുകയോ ചെയ്തു.

ഒറ്റ ബൂത്തിന്റെ മാത്രം കണക്ക് നോക്കിയാല്‍ ഈ തട്ടിപ്പ് വ്യക്തമാകും. തൃശൂരില്‍ ബി.ജെ.പിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ 29ാം നമ്പര്‍ ബൂത്തില്‍നിന്ന് മാത്രം പുറത്തായത് 337 വോട്ടര്‍മാര്‍. ഇതില്‍ അജ്ഞാത വോട്ടര്‍മാരുടെ എണ്ണമാണ് ഞെട്ടിക്കുന്നത്- 329 പേര്‍.

ഇവര്‍ ആരാണ്. എവിടെനിന്ന് വന്നു. ലോക്‌സഭയില്‍ വോട്ട് ചെയ്തിട്ട് മാസങ്ങള്‍ക്കകം ഇവര്‍ എവിടേക്ക് പോയെന്നതിനൊന്നും തെരഞ്ഞെടുപ്പ് കമീഷന്റെ പക്കല്‍ തെളിവില്ല. കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്റെ പരാതിയില്‍ സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് ചേര്‍ത്ത ബി.എല്‍.ഒക്ക് തൃശൂര്‍ ഫസ്റ്റ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസയച്ചിട്ടുണ്ട്.