16
Jan 2025
Wed
16 Jan 2025 Wed
Bobby Chemmannur in custody

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കും. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള SIT ആണ് അന്വേഷിക്കുക. സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് പ്രത്യേക സംഘം. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി. പരാതി അടിസ്ഥാനത്തില്‍ ബോബി ചെമ്മണൂരിനെ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഹണി റോസ് നല്‍കിയ പരാതിയില്‍ അശ്ലീലച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരായ ഭാരതീയ ന്യായസംഹിതയിലെ 75(4)വകുപ്പ് പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരേ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്ത്.

ഇതിനു പുറമേ നടിയുടെ ചിത്രം മോശമായ രീതിയില്‍ വീഡിയോക്ക് തമ്പ് നെയില്‍ നല്‍കിയ 20 യു ട്യൂബര്‍മാര്‍ക്കെതിരേയും നടപടി പരാതി നല്‍കിയിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിനെതിരേ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ കാര്യം പുറത്തുവിട്ടത്. താങ്കളുടെ തന്നെ മാനസിക നിലയിലുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ. ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി.
ജ്വല്ലറി ഉദ്ഘാടന വേളയിലും ജിംനേഷ്യം ഉദ്ഘാടനവേളയിലും മറ്റുമാണ് ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെതിരേ ദ്വയ അശ്ലീലസംഭാഷണം നടത്തിയത്.

പൊലീസിന് മൊഴി നല്‍കിയ ഹണിറോസ് ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം കൈമാറിയിട്ടുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.

SIT to investigate actress Honeyrose’s complaint; Boche may be summoned