ആറ് വര്‍ഷത്തിനിടെ നാലാമത്തെ ബെഞ്ച്; ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
|
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിചേര്‍ക്കപ്പെട്ട എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി.
ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മലയാളി കൂടിയായ ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ KSEB മുന്‍ ഉപദേഷ്ടാവ് കെജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകള്‍ക്ക് മുന്‍പാകെ 33 തവണ കേസ് ലിസ്റ്റ് ചെയ്തിട്ടും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.





