21
Sep 2022
Sun
21 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചണ്ഡീഗഡ്: മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാലാ ഹോസ്റ്റലില്‍ വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ, സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച വിദ്യാര്‍ഥിനിയെ ബ്ലാക്ക്മെയിൽ ചെയ്ത സഞ്ജീവ് സിങ് എന്ന സൈനികന്‍ അറസ്റ്റിലായത്. പഞ്ചാബ് പൊലീസ് അരുണാചൽ പ്രദേശിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

 

 

സംഭവത്തില്‍, വിദ്യാർഥിനിയും അവരുടെ സ്വദേശമായ ഹിമാചൽ പ്രദേശിൽ നിന്നുള്ള സുഹൃത്തുക്കളായ രണ്ട് യുവാക്കളും നേരത്തേ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വിഷയം പുറത്തുവന്നതിന്  പിന്നാലെ ചണ്ഡീഗഢിലെ സ്വകാര്യ സർവകലാശാല കാമ്പസിൽ വൻ പ്രതിഷേധം നടന്നിരുന്നു. അറസ്റ്റിലായ മറ്റ് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച ഫോറൻസിക്, ഡിജിറ്റൽ തെളിവുകൾ ട്രാക്ക് ചെയ്തതിന് ശേഷമാണ് മൊഹാലിയിൽ നിന്നുള്ള പൊലീസ് സംഘം സൈനികനെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ അയൽ സംസ്ഥാനമായ അസമിൽ നിന്നുള്ള പൊലീസുകാർക്ക് പുറമെ സൈന്യവും ലോക്കല്‍ പൊലീസും അന്വേഷണ സംഘത്തെ സഹായിച്ചു.

 

 

അരുണാചലിലെ സെലാ പാസിൽ നിന്നാണ് സൈനികനെ അറസ്റ്റ് ചെയ്തത്, പ്രാദേശിക കോടതി രണ്ട് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് ചെയ്ത സൈനികനെ ഇനി മൊഹാലിയിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് ഡിജിപി പറഞ്ഞു. വിവരം ലഭിച്ച ഉടൻ സൈനികനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധ്യമായ എല്ലാ സഹായവും നൽകിയതായി ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ഇന്ത്യൻ ആർമി ഇത്തരം പ്രവൃത്തികളോട് സഹിഷ്ണുത കാണിക്കില്ല. അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് എല്ലാ സഹായവും നൽകുന്നത് തുടരും’- ഓഫീസർ കൂട്ടിച്ചേർത്തു.

 

 

അതേസമയം, മറ്റ് പെൺകുട്ടികളുടെ വീഡിയോകളും പ്രചരിച്ചെന്ന ആരോപണം പ്രതിഷേധത്തിന് ആക്കം കൂട്ടിയിരുന്നു. 
വനിതാ ഹോസ്റ്റലിലെ താമസക്കാരിയായ വിദ്യാര്‍ഥിനി സഹപാഠികളായ 60ലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം പകര്‍ത്തി സുഹൃത്തിന് അയച്ചെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. എന്നാൽ അറസ്റ്റിലായ പെൺകുട്ടി സ്വന്തം വീഡിയോ മാത്രമാണ് സുഹൃത്തിന് അയച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും അവളെ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

‘എസ്‌ഐടി (എസ്‌പി രൂപീന്ദർ കൗർ ഭട്ടിയുടെ നേതൃത്വത്തിൽ ഡിഎസ്‌പിമാരായ രൂപീന്ദർ കൗറും ദീപിക സിങ്ങും അടങ്ങിയ സംഘം) കേസിൽ ദ്രുതഗതിയിലുള്ള അന്വേഷണം നടത്തിവരുന്നു. കുറ്റക്കാരെ വെറുതെ വിടില്ല’- ഡിജിപി ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. സെപ്തംബർ 18ന് രജിസ്റ്റർ ചെയ്ത കേസിൽ ലൈംഗികാതിക്രമം, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.