|
അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുടെ ഇര ബല്‍കീസ് ബാനുവിന് ഐക്യദാര്‍ഢ്യം അറിയിച്ച് സംഘടിപ്പിക്കുന്ന 200 കിലോമീറ്റര്‍ കാല്‍നടയാത്രയ്ക്ക് തുടക്കം. ‘ബല്‍കീസ് ബാനുവിനോട് മാപ്പുചോദിക്കുന്നു’ എന്ന പേരില്‍ ഹിന്ദു മുസ്ലിം ഏക്താ മഞ്ച് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ബല്‍കീസിന്റെ ജന്മനാടായ രണ്‍ധിക്പൂരില്‍നിന്ന് ഇന്നലെ തുടങ്ങിയ യാത്ര 200 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് അടുത്തമാസം നാലിന് അഹമ്മദാബാദില്‍ അവസാനിക്കും.
യാത്രയില്‍ പങ്കെടുക്കാനെത്തിയ മഗ്സാസെ അവാര്‍ഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡ്യെ ഉള്‍പ്പെടെയുള്ള ഏഴുപേരെ ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. നിതേഷ് ഗംഗാരമണി, തനുശ്രീ ഗംഗോപാദ്യായ്, ഹനീഫ് ഹാജി കലന്ദര്‍, നൂര്‍ജഹാന്‍ ദിവാന്‍, കൗസര്‍ അലി, ടി. ഗോപാല്‍ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലായ മറ്റുള്ളവര്‍. പരിപാടിയില്‍ പങ്കെടുക്കാനായി ഞായറാഴ്ച രാ്രത്രി 11 മണിയോടെ ഗോധ്ര റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഇവരെ സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ എല്ലാവരെയും വിട്ടയച്ചു.
നീതിനിഷേധിക്കപ്പെട്ട ബല്‍കീസിന് ഐക്യദാര്‍ഢ്യം അറിയിക്കാനാണ് ഞങ്ങള്‍ യാത്രനടത്തുന്നതെന്നും ഇത് ഗുജറാത്ത് സര്‍ക്കാരിന് എതിരല്ലെന്നും സന്ദീപ് പാണ്ഡ്യെ പറഞ്ഞു. കസ്റ്റഡിയില്‍ നിന്ന് മോചിതനായ ശേഷം രണ്ടുമണിക്കൂര്‍ സമയം നിരാഹരമിരുന്നാണ് സന്ദീപ് പാണ്ഡ്യെ യാത്രയില്‍ പങ്കെടുത്തത്. പദയാത്ര പിന്നിട്ട് ഒരുമണിക്കൂര്‍ ആയപ്പോഴേക്കും യാത്ര പൊലിസ് തടഞ്ഞു. ഏതാനും സമയം കഴിഞ്ഞ് യാത്ര തുടരാനനുവദിച്ചു. യാത്രയുടെ തുടര്‍ദിവസങ്ങളിലും ഗുജറാത്ത് സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
ഗുജറാത്ത് വംശഹത്യയ്ക്കിടെയുണ്ടായ ഏറ്റവും ക്രൂര സംഭവങ്ങളിലൊന്നായ ബല്‍കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെയും സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദ് മുസ്ലിം ഏക്ത മഞ്ച് പരിപാടി സംഘടിപ്പിച്ചത്.
Sandeep Pandey, others detained before march for Bilkis Bano in Gujarat



