ആലുവയില്‍ അതിഥി തൊഴിലാളി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന ബിഹാരി ദമ്പതികളുടെ അഞ്ചുവയസ്സുകാരിയായ മകളോട് മാപ്പ് ചോദിച്ച് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലാണ് കേരള പൊലീസ് മകളേ മാപ്പ് എന്ന പോസ്റ്റ് ഇട്ടത്.
|
വെള്ളിയാഴ്ച കാണാതായ കുട്ടിക്കു വേണ്ടിയുള്ള തിരച്ചിലില്‍ പ്രതിയെ രാത്രി തന്നെ പിടികൂടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായിരുന്നില്ല. കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചും തല കല്ലിനിടിച്ച് തകര്‍ത്തും കൊലപ്പെടുത്തിയശേഷം മടങ്ങിയെത്തിയ പ്രതി മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ശനി രാവിലെയാണ് ഇയാളുടെ കുറ്റസമ്മതമുണ്ടായത്. കുട്ടിയുടെ മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ ഇടത്ത് ഉപേക്ഷിച്ചാണ് പ്രതി കടന്നത്. കുഞ്ഞിനെ ജീവനോടെ രക്ഷിക്കാന്‍ കഴിയാത്തതില്‍ കേരള പൊലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നു പൊലീസ് വിശദീകരിക്കുകയുണ്ടായി.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.





