(Govindachamy escapes ) സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി
ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കൊടും കുറ്റവാളി രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ട കാര്യം അറിയുന്നത്. ഇന്നലെ രാത്രിയാണ് ജയില്‍ ചാടിയതെന്നാണ് മനസ്സിലാവുന്നത്.
|
അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് സൂചന. ജയിൽച്ചാട്ടത്തിൽ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.
പോലീസ് കണ്ണൂര്‍ ജില്ലയിലും വയനാട് ജില്ലയിലും വ്യാപക തിരച്ചില്‍ ആരംഭിച്ചു. കര്‍ണാടകയിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. കണ്ണൂര്‍ റെയിഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

ഗോവിന്ദച്ചാമിയുടെ പുതിയ ചിത്രങ്ങള്‍
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കണം.
Govindachamy escaped From Kannur Central Jail


