AFC ഏഷ്യന്‍ കപ്പ്: ഷൂട്ടൗട്ടില്‍ സൗദിയെ കീഴടക്കി ദ.കൊറിയ ക്വാര്‍ട്ടറില്‍
|
ദോഹ: ഖത്തറില്‍നടന്നുവരുന്ന AFC ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഏഷ്യന്‍ വമ്പന്‍മാരായ ദ.കൊറിയ. പ്രി ക്വാര്‍ട്ടറില്‍ പൊരുതിക്കളിച്ച സൗദി അറേബ്യയെ ഷൂട്ടൗട്ടിലാണ് പ്രീമിയര്‍ ക്ലബ്ബ് ടോട്ടനം നായകന്‍ സണ്‍ നേതൃത്വം നല്‍കുന്ന കൊറിയ കീഴടക്കിയത്. നിശ്ചിതസമയത്ത് ഓരോ ഗോളുകളടിച്ച് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഓസ്‌ട്രേലിയയാണ് ക്വാര്‍ട്ടറില്‍ ഫൈനലിലെ കൊറിയയുടെ എതിരാളി.
ഇഞ്ചുറി ടൈമിന്റെ ഒമ്പതാം മിനിറ്റില്‍ ചോ ഗൂ സുംഗാ ഗോള്‍ മടക്കിയതോടെയാണ് കൊറിയ രക്ഷപ്പെട്ടത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ അബ്ദുല്ല റാദിഫിലൂടെ സൗദി മുന്നിലെത്തിയിരുന്നു. ഗോള്‍ വീണ ശേഷം തിരിച്ചടിക്കാന്‍ കൊറിയ എല്ലാ ശ്രമവും നടത്തിയെങ്കിലും സൗദി പ്രതിരോധവും രണ്ടാം ഗോളി അഹമദ് അല്‍കസറും അവസാന മിനിറ്റുകള്‍ വരെ ഉറച്ചുനിന്നു. പലതവണ അല്‍കസര്‍ ടീമിന്റെ രക്ഷകനായി. ഇഞ്ചുറി ടൈമില്‍ ക്രോസ് ബാറും കൊറിയക്ക് തടസ്സം നിന്നു. പ്രത്യാക്രമണത്തില്‍ സൗദിയും ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചു. റാദിഫിന്റെ ഒരു മുന്നേറ്റം ബോക്‌സ് വിട്ടിറങ്ങി കൊറിയന്‍ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. 1964 നു ശേഷം കൊറിയ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായിട്ടില്ല. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ അബ്ദുല്ല റാദിഫാണ് ഗോളടിച്ചത്. സാലിഹ് അല്‍ശഹരിക്കു പകരം ഇടവേളക്കു ശേഷം പകരക്കാരനായിറങ്ങിയ റാദിഫ് കിക്കോഫില്‍ നിന്ന് പ്രതിരോധം തുളച്ചു കിട്ടിയ പാസുമായി ബോക്‌സിലേക്ക് കുതിച്ച് ഗോളിയെ കീഴടക്കുകയായിരുന്നു.
എക്‌സ്ട്രാ ടൈമില്‍ മൂന്നു തവണ സൗദി ഗോളി അഹമദ് അല്‍കസറിന്റെയും അവസാന വേളയില്‍ കൊറിയന്‍ ഗോളി ഹാംഗ് വോണ്‍ ചോയുടെയും മിന്നുന്ന സെയ്‌വുകളാണ് സ്‌കോര്‍ തുല്യമാക്കി നിര്‍ത്തിയത്.
ഷൂട്ടൗട്ടില്‍ സാമി അല്‍നജാഇയുടെയും അബ്ദുറഹമാന്‍ ഗരീബിന്റെയും കിക്കുകള്‍ കൊറിയന്‍ ഗോളി രക്ഷിച്ചു. സൗദിയുടെ മുഹമ്മദ് കാനു, സൗദ് അബ്ദുല്‍ഹമീദ്, കൊറിയയുടെ സോന്‍ ഹ്യുംഗ് മിന്‍, ഓ ഹ്യോംഗ് ഗ്യു, ജോ ക്യോ സോംഗ്, ഹ്വാംഗ് ഹീ ചാന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു (4- 2).
South Korea beat Saudi Arabia on penalties to reach Asian Cup last eight


