07
Oct 2023
Mon
07 Oct 2023 Mon

ഗസ്സയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 5,000 കവിഞ്ഞു; 2,055 കുഞ്ഞുങ്ങള്‍; വ്യോമാക്രമണം തുടരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സസിറ്റി: ഫലസ്തീനില്‍ ഇസ്രായേല്‍ തുടരുന്ന നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരം കവിഞ്ഞു. പുതിയ കണക്കനുസരിച്ച് ഫലസ്തീനില്‍ 5182 പേരാണ് മരിച്ചത്. ഇതില്‍ 2055 ഉം കുട്ടികളാണ്. ഇസ്രായേലില്‍ 307 സൈനികരടക്കം 1405 പേരും കൊല്ലപ്പെട്ടു. അഭയാര്‍ഥി ക്യാമ്പും പാര്‍പ്പിട സമുച്ഛയങ്ങളും ഉള്‍പ്പെടെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. 800ലേറെ കുട്ടികള്‍ ഉള്‍പ്പെടെ 1,500 പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്ന് വ്യക്തമല്ല. ഇടതടവുകളില്ലാതെ ഇസ്രായേല്‍ ബോംബ് വര്‍ഷം തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌ക്കരമായിരിക്കുകയാണ്.

24 മണിക്കൂറിനിടെ 182 കുട്ടികളുള്‍പ്പെടെ 436 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിര്‍ത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. മൂന്നാംദിനവും അവശ്യവസ്തുക്കളുമായി 20 ട്രക്കുകള്‍ ഗസ്സയില്‍ പ്രവേശിച്ചു.

അല്‍ ഖുദ്‌സ്, അല്‍ ശിഫ ആശുപത്രികള്‍ക്ക് സമീപവും വ്യോമാക്രമണമുണ്ടായി. ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പ്. വളര്‍ച്ചയെത്താതെ പ്രസവിച്ച കുട്ടികള്‍ക്കുള്‍പ്പെടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് യു.എന്‍ ഏജന്‍സി ഇന്നും ആവശ്യപ്പെട്ടു. ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍ നിലപാട്. ഖാന്‍ യൂനിസില്‍ പ്രവേശിച്ച ഇസ്രായേലി യുദ്ധ ടാങ്ക് ഹമാസ് തകര്‍ത്തു. ഏറ്റുമുട്ടലില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

ലബനാന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം കനക്കുകയാണ്. അതിര്‍ത്തിപ്രദേശം ഇസ്രായേല്‍ ഒഴിപ്പിച്ചു. ഹിസ്ബുല്ലയുടെ രണ്ട് സംഘങ്ങളെ വധിച്ചെന്ന് ഇസ്രായേല്‍ അറിയിച്ചു. ഒരു സേനാംഗം കൊല്ലപ്പെട്ടെന്നാണ് ഹിസ്ബുല്ലയുടെ വിശദീകരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക