21
Dec 2025
Fri
21 Dec 2025 Fri
sexual offender

പെരിന്തല്‍മണ്ണ: മാനസിക വൈകല്യമുള്ള 14 കാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖിനെയാണ് (43) പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള പ്രതിയുടെ ക്ലിനിക്കില്‍ വെച്ചാണ് പീഡനം നടന്നത്. ഇയാള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് പെരിന്തല്‍മണ്ണയിലെ ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ഒക്ടോബറില്‍ കുട്ടിയുടെ മാതാവിന്റെ ഉമ്മയാണ് ആദ്യമായി കുട്ടിയെ പെരിന്തല്‍മണ്ണയില്‍ ചികിത്സയ്ക്ക് കൊണ്ടു വന്നത്. തുടര്‍ ചികിത്സക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ലൈംഗിക അതിക്രമം ആദ്യമായി നേരിടുന്നത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ റൂമില്‍ നിന്നും കുട്ടിയെ രണ്ടാം നിലയിലെ അടച്ചിട്ട റൂമില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നാണ് പരാതി.

തുടര്‍ന്ന് അഞ്ച് തവണ പ്രതിയില്‍ നിന്നും ലൈംഗിക അതിക്രമണം നേരിടേണ്ടിവന്നു. കുട്ടി ഈ വിവരം സ്‌കൂളിലെ സുഹൃത്തിനോട് പറഞ്ഞു. തുടര്‍ന്ന് സുഹൃത്ത് സ്‌കൂള്‍ കൗണ്‍സിലറോട് ഈ കാര്യം അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പാലക്കാട് ചൈല്‍ഡ് ലൈനില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കൃത്യം പുറത്തറിയുന്നത്. പാലക്കാട് ചൈല്‍ഡ് ലൈനിന്റെ ഇടപെടലില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്നലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി.