25
Mar 2023
Wed
25 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാവും. നാല് ലക്ഷത്തി 19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാവും. കത്തുന്ന വേനല്‍ കണക്കിലെടുത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് തുടങ്ങുക.

2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ വച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങള്‍ മുഴുവനും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍. 29 വരെയാണ് പരീക്ഷ. എസ് എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്‌ളീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്.ഏപ്രില്‍ മൂന്ന് മുതല്‍ മൂല്യനിര്‍ണ്ണയും തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.

ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകള്‍ തീരും. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കിടെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകള്‍ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതല്‍. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തില്‍ അധ്യാപകര്‍ക്ക് ആശങ്കയുണ്ട്.