യൂസഫലി തൊട്ടതെല്ലാം പൊന്ന്:ഫെഡറല്‍ ബാങ്ക് നിക്ഷേപംവഴി 689 കോടി രൂപയുടെ നേട്ടം
|
കൊച്ചി: തൊട്ടതെല്ലാം പൊന്നാക്കുകയെന്നത് പഴഞ്ചൊല്ലാണെങ്കിലും അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട പ്രവാസി വ്യവസായി എം.എ യൂസഫലി. തന്റെ ബിസിനസ് സാമ്രാജ്യങ്ങള്‍ വളര്‍ത്തുന്നതിനൊപ്പം സ്വന്തം നാട്ടിലെ സംരഭങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍ എന്നും ശ്രദ്ധിക്കുന് വ്യക്തികൂടിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. അുകൊണ്ട് തന്നെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളിലെല്ലാം യൂസഫലിയ്ക്ക് നിക്ഷേപവുമുണ്ട്. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയവയിലൊക്കെയായി ഏതാണ്ട് 1650 കോടിയോളം രൂപയുടെ നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്.
ഈ നിക്ഷേപത്തില്‍ ഭൂരിഭാഗവും കേരളത്തിന്റെ സ്വന്തം ബാങ്കായ ഫെഡറല്‍ ബാങ്കിലാണ്, ഏകദേശം 1,100 കോടി രൂപ. ഈ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം ഫെഡറല്‍ ബാങ്ക് ഓഹരിയിലെ തന്റെ നിക്ഷേപത്തിലൂടെ യൂസഫലി ഉണ്ടാക്കിയ നേട്ടം 689 കോടി രൂപ വരുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍.
2013 ജൂണ്‍പാദത്തില്‍ എമിറേറ്റ്‌സ് എന്‍.ബി.ഡി ബാങ്കിന്റെ ഉപകമ്പനിയായ എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് 63 ലക്ഷം ഓഹരികള്‍ വാങ്ങികൊണ്ടാണ് ലുലുഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ആദ്യമായി ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ നിക്ഷേപിക്കുന്നത്. അന്ന് ഓഹരികള്‍ വാങ്ങിയ യഥാര്‍ത്ഥ വില വ്യക്തമല്ലെങ്കിലും ആ പാദത്തിലെ ശരാശരി ഓഹരി വില കണക്കാക്കിയാല്‍ ഏകദേശം 447.77 രൂപയ്ക്കായിരിക്കണം നിക്ഷേപം. അതിനു ശേഷം ഓഹരി വിഭജനവും ബോണസ് ഇഷ്യുവും നടത്തിയതിനാല്‍ പിന്നീട് ഒരു ഓഹരിയുടെ വില 44.78 രൂപയായി.
2013 നവംബറിലാണ് ഫെഡറല്‍ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരികളെ 2 രൂപ വിലയുള്ള ഓഹരികളാക്കി വിഭജിച്ചത്. അതായത് എം.യൂസഫലി ഓഹരി സ്വന്തമാക്കി അഞ്ച് മാസത്തിനു ശേഷം. അതുവഴി യൂസഫലിയുടെ പക്കലുള്ള ഓരോ ഓഹരിക്കും അദ്ദേഹത്തിന് 4 ഓഹരി വീതം അധികം ലഭിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഓഹരികളുടെ എണ്ണം 63 ലക്ഷത്തില്‍ നിന്ന് 3.16 കോടിയായി. പിന്നീട് 2015 ജൂലൈയില്‍ ഫെഡറല്‍ ബാങ്ക് ബോണസ് ഇഷ്യു നടത്തി. ഒരു ഓഹരിക്ക് ഒന്നെന്ന രീതിയിലായിരുന്നു ബോണസ് ഇഷ്യു. അതോടെ യൂസഫലിയുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം നേരെ ഇരട്ടിയായി 6.32 കോടിയിലെത്തി.


