ജോലിക്ക് പോകാന്‍ ബസ്സ് കാത്തു നില്‍ക്കുന്നതിനിടെയാണ് സുരേഷ് ആ കാഴ്ച്ച കണ്ടത്. മദ്‌റസ വിട്ട് വരികയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ഒരു തെരുവ് നായ പാഞ്ഞടുക്കുന്നു. സുരേഷ് രണ്ടാമതൊന്ന് ആലോചിച്ചില്ല. കൈയില്‍ കിട്ടിയ ഒരു ചെറു കല്ലുമായി സുരേഷ് ആ പതിനാലുകാരിയുടെ മുന്നിലേക്ക് കയറി നിന്നു. പെണ്‍കുട്ടിയോട് അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. നായയുടെ ആക്രമണത്തില്‍ സുരേഷിന് ഗുരുതര പരിക്കേറ്റു.
|
മലപ്പുറം ജില്ലയിലെ തിരൂര്‍ ചമ്രവട്ടത്താണ് തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ നിര്‍മാണ തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റത്. കതിരൂര്‍ ആനൊഴുക്ക് പാലത്തെ സുരേഷ് ആണ് പെണ്‍കുട്ടിക്ക് രക്ഷയായത്. നായയെ നേരിടുന്നതിനിടയില്‍ സുരേഷ് സമീപത്തുള്ള ഓവുചാലിലേക്ക് വീണു. ഇതോടെ നായ സുരേഷിനെ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു.
ബഹളം കേട്ട് വഴിയാത്രക്കാര്‍ ഓടിയെത്തി. കൈയിലുണ്ടായിരുന്ന പണി ആയുധങ്ങള്‍ കൊണ്ട് നായയെ നേരിട്ടു. നായയെ ഓടിച്ച് സുരേഷിനെ രക്ഷപ്പെടുത്തി നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുരേഷിന്റെ ശരീരത്തില്‍ 14ഓളം മുറിവുകളേറ്റിട്ടുണ്ട്.


