|
മിലാന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മിലാന്‍ ടീമുകളുടെയും മുന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലി വീണ്ടും സീരി എയിലേക്ക്. ഇറ്റാലിയന്‍ ഒന്നാം നമ്പര്‍ ലീഗായ സീരി Aയിലേക്ക് ജനോവ ആണ് താരത്തെ ടീമിലെത്തിച്ചത്. നിലവില്‍ ഒറ്റ ജയവുമായി അവസാന സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ജനോവയ്ക്ക് മുന്‍നിര താരങ്ങളുടെ പരിക്ക് പ്രതിസന്ധി സൃഷ്ടിച്ചതിനാലാണ് തോടെയാണ് ബെലോട്ടെല്ലിയെ ടീമിലെത്തിച്ചത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സീരി എയില്‍ എത്തുന്നത്. ബ്രെസിയയ്ക്കു വേണ്ടിയാണ് താരം അവസാനമായി സീരി എ കളിച്ചത്. കഴിഞ്ഞ സീസണില്‍ താരം തുര്‍ക്കി ക്ലബ് അഡാന ഡമിറസ്‌പോരിന് വേണ്ടിയും കളിച്ചു.

ലോകത്തെ ഒന്നാം നമ്പര്‍ സ്‌ട്രൈക്കറായി കണക്കാക്കിയിരുന്ന താരമായ ബെലോട്ടെല്ലി, ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, എസി മിലാന്‍ ടീമുകളുടെ വജ്രായുധമായിരുന്നു. കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ സൃഷ്ടിച്ചതാണ് താരത്തിന്റെ കരിയറിനെ ബാധിച്ചത്. സീസണ്‍ കഴിയും വരെയാണ് ജെനോവ 34 കാരനായ താരവുമായി കരാറിലെത്തിയിരിക്കുന്നത്. ജെനോവയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇന്നലെ താരം വൈദ്യപരിശോധനയ്ക്ക് വിധേയനായി.
‘എനിക്ക് വിഷമമുണ്ട്. എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താല്‍പ്പര്യമില്ല. എനിക്ക് പുതിയ കരിയര്‍ തുടങ്ങണം- ബലോട്ടെല്ലി മാധ്യമങ്ങളോട് പറഞ്ഞു.
ബലോട്ടെല്ലിയുടെ കരിയറിലെ പതിനൊന്നാമത്തെ ക്ലബ്ബാണ് ജെനോവ. മാഞ്ചസ്റ്ററിനെ കൂടാതെ, ഇന്റര്‍ മിലാന്‍, എസി മിലാന്‍, ബ്രെസിയ, മോണ്‍സ, ലിവര്‍പൂള്‍, മാര്‍സെയില്‍ എന്നിവ ഉള്‍പ്പെടുന്നു .
തുര്‍ക്കി ക്ലബ്ബ് വിട്ടതോടെ എവിടെയും ചേരാതിരുന്ന ബലോട്ടെല്ലി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും താരത്തെ സ്വന്തമാക്കാനുള്ള അവസരം ക്ലബ് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഫ്രീ ഏജന്റ് എന്ന നിലയില്‍ താരത്തെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നെങ്കിലും, ക്ലബ് അതു വേണ്ടെന്നു വച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബലോട്ടെല്ലിയുടെ പേരും പെരുമയും താങ്ങാനാകില്ലെന്ന ചിന്തയാണ് ബ്ലാസ്റ്റേഴ്‌സിനെ കരാറില്‍നിന്ന് പിന്നോട്ടടിച്ചതെന്ന വിവരമാണ് അന്ന് പുറത്തുവന്നത്.
Striker Mario Belotelli returns to Serie A


