25
Aug 2025
Wed
25 Aug 2025 Wed
Thalha mannan

അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എസ്‌ഐഒ) ദേശീയ സെക്രട്ടറി തല്‍ഹ മന്നാനെതിരേ കേസ്. കണ്ടാല്‍ തിരിച്ചറിയുന്ന മറ്റ് 10ഓളം വിദ്യാര്‍ഥികള്‍ക്കെതിരേയും കേസുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദു രക്ഷാ ദള്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ആര്യ നല്‍കിയ പരാതിയിലാണ് കേസ്. തല്‍ഹ മന്നാനും മറ്റ് വിദ്യാര്‍ഥികളും ഫലസ്തീന്‍ പതാകയേന്തി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യവും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇത് സമൂഹത്തിന്റെ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്നാണ് ആരോപണം.

ഭാരതീയ ന്യായ സംഹിതയിലെ 223(പൊതു ഉത്തരവിന്റെ ലംഘനം), 353(2) (പൊതുജനങ്ങള്‍ക്ക് ഹാനികരമായ പ്രവര്‍ത്തി ചെയ്യല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ALSO READ: മെഡിക്കല്‍ പ്രവേശനം: മുസ്ലിം ക്വാട്ടയില്‍ പ്രവേശനം 916ആം റാങ്ക് വരെ മാത്രം; സവര്‍ണ വിഭാഗങ്ങളിലെ 2842ആം റാങ്കുകാരനും പ്രവേശനം; വിവേചനം ചൂണ്ടിക്കാട്ടി വിടി ബല്‍റാം

അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ തല്‍ഹ മന്നാന്‍ നിലവില്‍ ഹൈദരാബാദ് മൗലാന ആസാദ് നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി സ്‌കോളറും വിദ്യാര്‍ഥി നേതാവുമാണ്.

്ഫീസ് വര്‍ധന പിന്‍വലിക്കുക, വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനത്തിനുള്ള തടസ്സം നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. എന്നാല്‍, അനുമതിയില്ലാതെയാണ് ഈ മാസം 4 മുതല്‍ പ്രതിഷേധം നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

ആഗസ്ത് 12ന് നടന്ന പ്രതിഷേധ പരിപാടിയില്‍ ഫലസ്തീന്‍ പതാകയോട് കൂടിയ കഫിയ ധരിച്ചാണ് തല്‍ഹ പങ്കെടുത്തത്.

വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് കേസെടുത്ത നടപടിയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് അപലപിച്ചു. തല്‍ഹയുടെ പ്രസംഗം നീതിക്ക് വേണ്ടിയുള്ളതാണെന്നും വിദ്വേഷപ്രസംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുണയുള്ള ഹിന്ദുത്വ സംഘടനകള്‍ എഎംയു വൈസ് ചാന്‍സലറോടൊപ്പം ചേര്‍ന്ന് വിദ്യാര്‍ഥികളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.