30
Jan 2024
Wed
30 Jan 2024 Wed

ബെംഗളുരു: മുന്‍ ഭര്‍ത്താവ് മകനെ കാണാന്‍ വരുന്നത് ഒഴിവാക്കാനാണ് നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയതെന്ന് കുട്ടിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി യാത്ര ചെയ്യുന്നതിനിടെ അറസ്റ്റിലായ ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മൈന്‍ഡ്ഫുള്‍ AI ലാബിന്റെ സഹസ്ഥാപകയും CEOയുമായ സൂചന സേത്ത് (39) മൊഴി നല്‍കി. കൃത്യം നടത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനും സുചന ശ്രമിച്ചു. അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കോടതിയില്‍ ഹാജരാക്കിയ സുചനയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുചനയുടെ ഭര്‍ത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി. ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്. അതേസമയം കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്ന് സുചനയുടെ മൊഴിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചനയുടെ മൊഴി.

മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് സുചന അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സുചന സേത്ത് തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. ഇതിന് ശേഷം കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ടാക്‌സി വിളിച്ചാണ് അവര്‍ കര്‍ണാടകയിലേക്കു പോയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

സൂചന സേത്തും ഭര്‍ത്താവും 2020ല്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന് ഞായറാഴ്ച മകനുമായി കൂടിക്കാഴ്ച നടത്താന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. ഇത് സൂചനസേത്തിന് ഇഷ്ടമായിരുന്നില്ല. കൂടിക്കാഴ്ച തടയാനാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. ഗോവയില്‍ ഇവര്‍ കഴിഞ്ഞിരുന്ന ഹോട്ടലിലെ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ശനിയാഴ്ച മകനൊപ്പം ഗോവയിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ സുചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കൂടെ കുഞ്ഞ് ഇല്ലായിരുന്നു.

അത്യാവശ്യമായി ബെംഗളൂരുവിലേക്ക് പോകാന്‍ ടാക്‌സി വേണമെന്ന് അവര്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു യാത്ര പുറപ്പെട്ടു. ഇതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സുചന മുറിയൊഴിഞ്ഞു പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നായിരുന്നു സുചനയുടെ മറുപടി. സുചനയുടെ സംസാരത്തില്‍ സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ ഉടന്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ചിത്രദുര്‍ഗ പോലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വിദഗ്ധയായ രാജ്യത്തെ നൂറ് പേരുടെ ലിസ്റ്റില്‍ പെട്ടയാളാണ് സൂചനാസേത്ത്.