ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശിനി അതുല്യ(30)യുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഫോറന്‍സിക് ഫലം ഷാര്‍ജയിലുള്ള സഹോദരി അഖിലയ്ക്കാണ് ലഭിച്ചത്. ഭര്‍ത്താവ് സതീഷിന് അതുല്യയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി അഖില നേരത്തെ ഷാര്‍ജ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഫോറന്‍സിക് ഫലം പുറത്തുവന്നത്.
|
മരണം നടന്ന പത്തുദിവസം പൂര്‍ത്തിയാകുമ്പോഴാണ് അതുല്യയുടെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവരുന്നത്. മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും ഈ ക്രൂരതയില്‍ ഭര്‍ത്താവ് സതീഷിന് പങ്കുണ്ടെന്നും കാണിച്ച് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പോലീസിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങളും ലഭിച്ച ദൃശ്യങ്ങളും ഫോണ്‍ ചാറ്റുകളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഫോറന്‍സിക് ഫലം ഇത്രയും ദിവസം നീണ്ടത് എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഇതോടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നീക്കം തുടങ്ങി. ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതുല്യയുടെ സഹോദരി അഖിലയാകും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. അതുല്യയുടെ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവയെല്ലാം ഭര്‍ത്താവ് സതീഷ് പോലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീപോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ചയാകും ഇത്തരം നടപടികളുണ്ടാകുക എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഈ മാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. തലേദിവസം രാത്രിയില്‍ ഭാര്യയുമായി വഴക്കിട്ട് പുറത്തുപോയെന്നും പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നുമായിരുന്നു ഭര്‍ത്താവ് സതീഷിന്റെ മൊഴി. സതീഷിനെതിരെ അതുല്യയുടെ മാതാപിതാക്കള്‍ കൊല്ലം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതിലും കേസെടുത്തിട്ടുണ്ട്.
Suicide, not murder; Forensic results of Atulya who died in Sharjah out; Body to be brought home


