19
Jan 2026
Thu
19 Jan 2026 Thu
Sunita Williams at KLF 2026

മൂന്ന് മിഷനുകളിലായി ബഹിരാകാശത്ത് അറുന്നൂറിലധികം ദിവസങ്ങള്‍ ചെലവഴിച്ച സുനിത വില്യംസ് കോഴിക്കോടിന്റെ സ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഇവിടെ ആയിരിക്കുമ്പോള്‍ തനിക്ക് വീട്ടില്‍ എത്തിയതു പോലെയാണ് തോന്നുന്നതെന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 വേദിയില്‍ എത്തിയ സുനിത വില്യംസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തക പ്രീതി ചൌധരി മോഡറേറ്റര്‍ ആയ ‘ഡ്രീംസ് റീച്ച് ഓര്‍ബിറ്റ്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു സുനിത വില്യംസ്.
ഭ്രമണപഥത്തിലേക്ക് തന്റെ സ്വപ്നം എത്തിയതിന്റെ കഥ പറയാന്‍ എത്തിയ സുനിത വില്യംസിനെ എഴുന്നേറ്റു നിന്നാണ് കോഴിക്കോട് ബീച്ചിലെ കെ എല്‍ എഫ് സദസ് സ്വീകരിച്ചത്. യുനെസ്‌കോ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോട് നഗരത്തിലെ സദസ് നിറഞ്ഞ ആവേശത്തോടെയും വികാരഭരിതമായുമാണ് സുനിത വില്യംസിനെ സ്വാഗതം ചെയ്തത്. മാധ്യമപ്രവര്‍ത്തകയായ പ്രീതി ചൌധരിയുമായുള്ള സംഭാഷണത്തില്‍ അടുത്ത തലമുറയ്ക്ക് ബാറ്റണ്‍ കൈമാറാന്‍ താന്‍ തയ്യാറാണെന്ന് സുനിത വില്യംസ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ എല്‍ എഫ് വേദിയിലേക്ക് എത്തിയ സുനിത വില്യംസിനെ എഴുന്നേറ്റു നിന്നാണ് സദസ് സ്വീകരിച്ചത്. കോഴിക്കോടിന്റെ സ്വീകരണം കണ്ട് മനം നിറഞ്ഞ സുനിത വില്യംസ് ‘വളരെ അദ്ഭുതം തോന്നുന്നു’ എന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. ആദ്യ ബഹിരാകാശ യാത്രയ്ക്കു മുമ്പായി തന്റെ പിതാവുമായി നടത്തിയ സംഭാഷണം ഓര്‍ത്തെടുത്തു കൊണ്ട് അവര്‍ സംസാരിച്ചു തുടങ്ങി. യാത്രയ്ക്ക് മുമ്പായി, ‘ഇന്ത്യയിലെ മുഴുവന്‍ ആളുകളും നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്’ എന്നാണ് പിതാവ് പറഞ്ഞത്. ബഹിരാകാശത്ത് നിന്ന് മടങ്ങി എത്തിയതിനു ശേഷം, ഇന്ത്യയിലെ സ്‌കൂളുകളില്‍ തന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചത് കണ്ടപ്പോഴാണ് ആ പറഞ്ഞതിന്റെ പൂര്‍ണമായ അര്‍ഥം തനിക്ക് ആദ്യം മനസ്സിലായതെന്നും സുനിത വില്യംസ് പറഞ്ഞു.

സുനിത വില്യംസിന്റെ ഏറ്റവും അവസാനത്തെ ബഹിരാകാശ യാത്രയെക്കുറിച്ച് ആയിരുന്നു പ്രധാനമായും സെഷനില്‍ ചര്‍ച്ചയായത്. എട്ടു ദിവസത്തെ പരീക്ഷണ പറക്കല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏകദേശം ഒമ്പതു മാസത്തോളം നീണ്ടു പോയി. ഡോക്കിങ്ങിനിടെ ബഹിരാകാശ പേടകത്തിന്റെ ത്രസ്റ്ററുകള്‍ പരാജയപ്പെട്ടപ്പോള്‍ ഉണ്ടായ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചും സുനിത വില്യംസ് വിശദീകരിച്ചു.

അപ്രതീക്ഷിതമായ നീണ്ടു പോകലിന്റെ മാനസിക ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് അനിശ്ചിതത്വത്തെക്കുറിച്ച് ആണെന്നും അവര്‍ വ്യക്തമാക്കി. ആറു മാസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തന്നെ തുടരാനുള്ള തീരുമാനം ലഭിച്ചപ്പോള്‍ കുറച്ച് സമാധാനം തോന്നിയെന്നും അവര്‍ പറഞ്ഞു. ‘ഒരു സമയം ഒരു പ്രശ്‌നം മാത്രം പരിഹരിക്കുക’ എന്നതായിരുന്നു നയമെന്നും, മിഷന്‍ കണ്‍ട്രോളിലുള്ള വിശ്വാസമാണ് തന്നെ നയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശത്തെ നക്ഷത്രക്കാഴ്ചകള്‍ മാന്ത്രികമാണെങ്കിലും, ഭൂമിയിലെ മഴയും കാറ്റും മണലും താന്‍ ഒരുപാട് മിസ്സ് ചെയ്തതായും അവര്‍ പറഞ്ഞു. വിഡിയോ കോള്‍ വഴി കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെന്നും എന്നാല്‍, സ്‌ക്രീന്‍ മുഖേന ആശയവിനിമയം നടത്താന്‍ കഴിയാത്തതു കൊണ്ട് തന്റെ നായകളെ വല്ലാതെ മിസ് ചെയ്‌തെന്നും തമാശരൂപേണ അവര്‍ പറഞ്ഞു.

ഇനിയും ബഹിരാകാശത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആഗ്രഹമുണ്ട് പക്ഷേ ഇനി ഭാവി തലമുറ ആസ്വദിക്കട്ടെ എന്ന് സുനിത വില്യംസ് പറഞ്ഞു. ചന്ദ്ര ദൌത്യത്തിന് അവസരം ലഭിക്കുകയാണെങ്കില്‍ പോകുമോ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് ആയിരുന്നു അവരുടെ മറുപടി. ‘തീര്‍ച്ചയായും, ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, എന്റെ ഭര്‍ത്താവ് എന്നെ കൊല്ലും’ എന്നായിരുന്നു അവര്‍ പറഞ്ഞത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ അവര്‍ കുട്ടികളുമൊത്തുള്ള വരാനിരിക്കുന്ന സെഷനുകളില്‍ പങ്കെടുക്കുന്നതിന്റെ ആവേശവും പങ്കുവച്ചു.

ALSO READ: ‘ദേശീയവരുമാനത്തിന്റെ വലിയൊരു ഭാഗം നല്‍കുന്നത് ദക്ഷിണേന്ത്യ, എന്നാല്‍ തിരികെ ലഭിക്കുന്നത് വളരെ കുറവ്’; തമിഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക