27
Aug 2024
Tue
27 Aug 2024 Tue
Chuzhali Abdulla Moulavi

കോഴിക്കോട്: മഹാന്മാരുടെ പേരില്‍ നേര്‍ച്ചയും റാത്തീബും കഴിക്കുന്ന സുന്നികള്‍ മുസ്ലിംകളല്ലെന്ന മുജാഹിദ് പ്രഭാഷകന്‍ ചുഴലി അബ്ദുള്ള മൗലവിയുടെ പ്രസ്താവനയ്‌ക്കെതിരേ ഇരു വിഭാഗം സുന്നികള്‍. (Sunni organizations against Chuzhali Abdullah Maulavi’s statement) പ്രസ്താവനയില്‍ മുജാഹിദ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഇ.കെ. വിഭാഗം സുന്നി യുവജന സംഘം ആവശ്യപ്പെട്ടു. ചുഴലി മൗലവിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് ആശയത്തെയും സമുദായം ജാഗ്രതയോടെ കാണണമെന്ന് എ.പി. വിഭാഗം എസ്.വൈ.എസും ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചുഴലി അബ്ദുള്ള മൗലവിയുടെ നിലപാട് അംഗീകരിക്കുന്നില്ലെങ്കില്‍ മുജാഹിദ് നേതൃത്വം പരസ്യമായി തിരുത്തുകയും ക്ഷമാപണം നടത്തുകയും വേണം. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ചുഴലിയുടെ നിലപാട് മുജാഹിദ് നേതൃത്വം ശരിവയ്ക്കുന്നുണ്ടെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും എസ്.വൈ.എസ് നേതൃത്വം ആവശ്യപ്പെട്ടു. സുന്നികളായ പിതാക്കന്‍മാരുടെ അനന്തരാവകാശം മുജാഹിദുകളായ മക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ ചുഴലി അബ്ദുള്ള മൗലവിയുടെ പ്രസ്താവന പ്രകാരം അത് അസ്വീകാര്യമാണ്. അത്തരത്തില്‍ ലഭിച്ച അനന്തരാവകാശ സ്വത്ത് തിരിച്ചു നല്‍കുമോ എന്നും എസ്.വൈ.എസ് നേതൃത്വം ചോദിക്കുന്നു.

ALSO READ: പോപുലര്‍ ഫ്രണ്ട് കേസ്; എന്‍ഐഎ സാക്ഷി മൊഴി തിരുത്തിയെന്ന് സുപ്രിം കോടതി; ഗുരുതര വീഴ്ച്ചയ്ക്ക് വിശദീകരണം നല്‍കണം

ഇനി മുതല്‍ മുസ്ലിം സംഘടനകളുടെ യോഗങ്ങളിലേക്ക് സുന്നി സംഘടനകളെ പങ്കെടുപ്പിക്കാതിരിക്കുമോ? സൗഹൃദ ഇഫ്താര്‍ സംഗമങ്ങളില്‍ സുന്നി പണ്ഡിതരെ പിന്തുടര്‍ന്ന് നടത്തിയ നിസ്‌കാരങ്ങള്‍ പിന്‍വലിക്കുമോ? സുന്നികള്‍ മുസ്ലിംകളല്ലാത്തതിനാല്‍ അവര്‍ അറുത്ത മാംസം ഭക്ഷിക്കലും മുജാഹിദുകള്‍ക്ക് നിഷിദ്ധമായിരിക്കും. ഈ പശ്ചാത്തലത്തില്‍ മുജാഹിദുകള്‍ സംസ്ഥാനത്തൊട്ടാകെ പ്രത്യേക അറവുശാലകള്‍ നിര്‍മിക്കുമോ എന്നും എസ്.വൈ.എസ് ചോദിച്ചു.

മുഖ്യധാരാ മുസ്ലിംകളായ സുന്നി വിശ്വാസികള്‍ മുസ്ലിംകല്ലെന്നും മാലിന്യങ്ങളാണെന്നും അധിക്ഷേപിച്ച സലഫി നേതാവ് ചുഴലി മൗലവിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് ആശയത്തെയും സമുദായം ജാഗ്രതയോടെ കാണണമെന്ന് സമസ്ത കേരള സുന്നിയുവജന സംഘം ആവശ്യപ്പെട്ടു.

ഇദ്ദേഹത്തിന് വേദിയൊരുക്കുന്ന മുജാഹിദ് വിഭാഗങ്ങള്‍ കാപട്യം വെടിഞ്ഞ് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. സുന്നികള്‍ മുസ്ലിംകളല്ലെന്ന് വിശ്വസിക്കുകയും സ്വന്തം വേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും സലഫികള്‍ അണികളെ പഠിപ്പിക്കുകയും ചെയ്യുന്ന ആശയമാണ് ചുഴലി മൗലവി ഇവിടെ പരസ്യമാക്കിയിരിക്കുന്നതെന്നും എസ്.വൈ.എസ് പ്രസ്താവയനയില്‍ പറയുന്നു.

വിശ്വാസികളോടും മറ്റ് വിഭാഗങ്ങളോടും വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന മുജാഹിദ് സലഫി വിഭാഗത്തിന്റെ ഇത്തരം നിലപാടുകള്‍ കാരണമായി ധാരാളം അണികള്‍ ഇതിനിടയില്‍ തീവ്രവാദത്തിനടിമകളായിട്ടുണ്ട് എന്ന കാര്യം സമുദായം തിരിച്ചറിയണം. മുസ്ലിംകളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുന്ന സലഫികളുടെ എക്കാലത്തും ഉള്ള നിലപാട് നില നില്‍ക്കെ തന്നെ അവരെ ഉള്‍പെടുത്തി സമുദായ ഐക്യവുമായി വരുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും എസ്.വൈ.എസ് പറഞ്ഞു.

ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ: എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, അബൂബക്കര്‍ പടിക്കല്‍, റഹ്‌മത്തുള്ള സഖാഫി എളമരം, ഇ.കെ മുഹമ്മദ് കോയ സഖാഫി, സ്വാദിഖ് വെളിമുക്ക്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, ഉമര്‍ ഓങ്ങല്ലൂര്, ബഷീര്‍ പറവന്നൂര്‍, ഡോ. ഫാറൂഖ് നഈമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഖുത്ബിയത് (മഹാന്മാരുടെ പേരിലുള്ള നേര്‍ച്ച) കഴിക്കുന്ന സുന്നി പള്ളികള്‍ അമ്പലങ്ങള്‍ക്ക് സമമാണെന്നും അവിടെയുള്ള ഇമാമുമാരെ പിന്തുടരുന്നത് സ്വാമിമാരെ പിന്തുടര്‍ന്ന് നിസ്‌കരിക്കുന്നതിന് തുല്യമാണെന്നും ചുഴലി അബ്ദുള്ള മൗലവി പറഞ്ഞിരുന്നു. ഇതിനോടൊപ്പം തന്നെയാണ് ഇത്തരത്തിലുള്ളവര്‍ മുസ്ലിംകളേ അല്ലെന്നും പറഞ്ഞത്.

ഈ പ്രസ്താവനക്കെതിരെയാണ് ഇപ്പോള്‍ ഇരുവിഭാഗം സുന്നികളും രംഗത്തെത്തിയിരിക്കുന്നത്. ജൗഹറുല്‍ ഹുദ ഇസ്ലാമിക് സെന്റര്‍ എന്ന യുട്യൂബ് ചാനലില്‍ ‘ഇലാഹ്; അര്‍ത്ഥവും വ്യാഖ്യാനവും’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു ചുഴലി അബ്ദുള്ള മൗലവിയുടെ വിവാദ പ്രസ്താവന.