21
Apr 2024
Tue
21 Apr 2024 Tue

അടിക്ക് തിരിച്ചടി, ഉയര്‍ന്നത് IPLലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍; ചേസ് ചെയ്യാനാകാതെ പൊരുതി കീഴടങ്ങി ബംഗളൂരു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്നലെ വിഷുവായിരുന്നു. ആദ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വക. അത് കഴിഞ്ഞ് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന്റെ വകയും. ഇരു ടീമും തച്ച് തകര്‍ത്തപ്പോള്‍ പിറന്നത് റെക്കോഡുകളും. നേരത്തെ ഐപിഎല്ലില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 288 റണ്‍സ് ലക്ഷ്യം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് മുന്നില്‍വച്ചത്. ഒരുഘട്ടത്തില്‍ ആര്‍സിബി വിജയിക്കുമെന്ന് തോന്നിയെങ്കിലും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ ആകെ 44 സിക്‌സറുകളാണ് പിറന്നത്.

ട്രാവിസ് ഹെഡ് (41 പന്തില്‍ 102), ഹെന്റിച്ച് ക്ലാസന്‍ (31 പന്തില്‍ 67) എന്നിവരാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റന്തിയ ആര്‍സിബിക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിരാട് കോലി ഫാഫ് ഡു പ്ലെസിസ് സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 20 പന്തിന്‍ 42 റണ്‍സെടുത്ത കോലിയെ ബൗള്‍ഡാക്കി മായങ്ക് മര്‍കണ്ഡെ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ വില്‍ ജാക്‌സ് (7), രജത് പടീധാര്‍ (9), സൗരവ് ചൗഹാന്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഫാഫിനെ (62) കമ്മിന്‍സും മടക്കി. മഹിപാല്‍ ലോംറോറും (19) മടങ്ങിയതോടെ ആര്‍സിബി ആറിന് 181 എന്ന നിലയിലായി. ദിനേശ് കാര്‍ത്തിക് (35 പന്തില്‍ 83 ) പൊരുതി നോക്കിയെങ്കിലും തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. ഹൈദരാബാദിന് വേണ്ടി കമ്മിന്‍സ് മൂന്നും മര്‍കണ്ഡെ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ മികച്ച തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മ (22 പന്തില്‍ 34) ഹെഡ് സഖ്യം 108 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. അഭിഷേകിനെ റീസെ ടോപ്ലി മടക്കി. പിന്നാലെ ക്രീസിലെത്തിയത് ക്ലാസന്‍. മറുവശത്ത് ഹെഡ് ആക്രമണം തുടര്‍ന്നു. ക്ലാസനൊപ്പം 57 റണ്‍സ് ചേര്‍ത്താണ് ഹെഡ് മടങ്ങുന്നത്. ഐപിഎല്ലില്‍ ആദ്യ സെഞ്ചുറി നേടി ഹെഡ് പുറത്താവുമ്പോള്‍ എട്ട് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു.

ഇതിനിടെ ക്ലാസന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 31 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. ലോക്കി ഫെര്‍ഗൂസണ്‍ വിക്കറ്റ് നല്‍കിയാണ് ക്ലാസന്‍ മടങ്ങുന്നത്. അദ്ദേഹം മടങ്ങുമ്പോള്‍ മൂന്നിന് 231 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നാലെ മാര്‍ക്രം (17 പന്തില്‍ 32) സമദ് സഖ്യം 56 റണ്‍സും ചേര്‍ത്തു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സമദിന്റെ ഇന്നിംഗ്‌സ്. മാര്‍ക്രം രണ്ട് വീതം സിക്‌സും ഫോറും നേടി.

Travis Head, Heinrich Klaasen power Sunrisers Hyderabad to 25-run win over Royal Challengers Bengaluru