15
Dec 2023
Mon
15 Dec 2023 Mon

13 സാധനങ്ങള്‍ക്ക് സബ്‌സിഡി; ക്രിസ്മസ് ചന്ത വ്യാഴാഴ്ച മുതല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: 13 സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്ന സപ്ലൈകോ ക്രിസ്മസ് ചന്ത വ്യാഴാഴ്ച മുതല്‍. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും.

തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്‌ലറ്റുകളിലും വില്‍പ്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും. ഓണച്ചന്തകള്‍ക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്. ഡിസംബര്‍ 30ന് ചന്തകള്‍ അവസാനിക്കും.

അതേസമയം തന്നെ വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവ കാലത്ത് നടത്തുന്ന സപ്ലൈകോ ചന്തകള്‍ക്ക് ഇത്തവണയും മാറ്റമില്ലെന്നും ക്രിസ്മസ്, പുതുവത്സര ചന്തകള്‍ സര്‍ക്കാര്‍ വേണ്ടെന്നു വച്ചതായി ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത് വാസ്തവവിരുദ്ധമാണെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ക്രിസ്മസിന് വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍കട വഴി ആറുകിലോ അരി വീതവും നീല കാര്‍ഡുകാര്‍ക്കും നല്‍കി തുടങ്ങി. ശനിവരെ 44 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.