23
Dec 2024
Wed
23 Dec 2024 Wed
Suprabhaatham daily Palakkad election advertisement controversary

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തലേന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വന്ന വിവാദ പരസ്യത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയില്ല. പരസ്യത്തിന്റെ പേരിലുള്ള നടപടി ശാസനയിലൊതുക്കിയതായാണ് ഇന്ന് സുപ്രഭാതം പ്രസിദ്ധീകരിച്ച ചെയര്‍മാനും സമസ്ത അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന വ്യക്തമാക്കുന്നത്. അതേസമയം, പരസ്യവുമായി ബന്ധപ്പെട്ട് സുപ്രഭാതത്തിനു വലിയ വീഴ്ചയും ശ്രദ്ധക്കുറവും സംഭവിച്ചുവെന്നും ചെയര്‍മാന്‍ അറിയിച്ചു. വിഷയത്തില്‍ മാനേജ്‌മെന്റ് നടത്തിയ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷമാണ് നടപടി താക്കീതിലൊതുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന

കഴിഞ്ഞ നവംബര്‍ 19ന് സുപ്രഭാതം പാലക്കാട് എഡിഷന്‍ പ്രസിദ്ധീകരിച്ച ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യവുമായി ബന്ധപ്പെട്ട് സുപ്രഭാതത്തിനു വലിയ വീഴ്ചയും ശ്രദ്ധക്കുറവും സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് സുപ്രഭാതത്തെ സ്‌നേഹിക്കുന്നവരെ ദുഃഖിപ്പിച്ചിട്ടുമുണ്ട്. സുപ്രഭാതത്തിന്റെ നിലവിലെ നയം അനുസരിച്ച് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദമുണ്ട്. തദടിസ്ഥാനത്തില്‍ കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളുടെയും പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, പാലക്കാട് എഡിഷനില്‍ ഇടതു മുന്നണിയുടേതായി അച്ചടിച്ചു വന്ന പരസ്യത്തിന്റെ ഉള്ളടക്കം സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും സുപ്രഭാതത്തിന്റെയും നയനിലപാടുകള്‍ക്ക് നിരക്കാത്തതായിരുന്നു.

ബഹുജനമധ്യത്തില്‍ പത്രത്തിന്റെ നിലവാരം തകര്‍ക്കുയോ ഏതെങ്കിലും പാര്‍ട്ടിയെ സഹായിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ആരും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ജീവനക്കാരില്‍ ബന്ധപ്പെട്ടവര്‍ക്ക് അശ്രദ്ധമായ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അവരെ വിളിച്ചുവരുത്തി സുപ്രഭാതത്തിന്റെ കാര്യത്തില്‍ നയലംഘനം അനുവദിക്കില്ലെന്ന് കര്‍ശന ഭാഷയില്‍ ശാസന നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്ന പക്ഷം മുന്നിറിയിപ്പില്ലാത്ത ശിക്ഷണ നടപടി ഉറപ്പായിരിക്കും.

നേരത്തെ പരസ്യം വലിയവിവാദമാകുകയും സുപ്രഭാതം ഡയ്‌റക്ടര്‍ ബോര്‍ഡ് അംഗം സൈനുല്‍ അബിദീന്‍ സഫാരി അടക്കം പരസ്യ പ്രതികരണം ഇറക്കുകയുംചെയ്തിരുന്നു. ഇതോടെയാണ് സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തീമാനിച്ചത്.

Suprabhaatham daily Palakkad election advertisement controversary